എറണാകുളം:കൊച്ചിയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാതല പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു. സഫലം എന്ന പേരിൽ ജില്ലാ ഭരണകൂടമാണ് അദാലത്ത് സംഘടിപ്പിച്ചത്. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ കണയന്നൂര്‍ താലൂക്കിലെ അപേക്ഷകളാണ് പരിഗണിച്ചത്.
കൊച്ചിയിൽ ജില്ലാതല പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു - എറണാകുളം
ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ കണയന്നൂര്‍ താലൂക്കിലെ അപേക്ഷകളാണ് പരിഗണിച്ചത്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ കലക്‌ട്രേറ്റില്‍ വന്നു കഷ്‌ടപ്പെടാതിരിക്കാനാണ് താലൂക്കു തലത്തിൽ കേന്ദ്രങ്ങളിൽ അദാലത്ത് നടത്തുന്നതെന്ന് ജില്ലാ കലക്‌ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലാതലത്തിൽ പരിഹാരം കാണാവുന്നവയ്‌ക്കെല്ലാം ഉടനടി പരിഹാരം കാണുമെന്നും സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടവ അത്തരത്തിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അദാലത്തിൽ പരിഗണിക്കുന്നതിന് ഡിസംബർ അഞ്ചുവരെ പരാതികള്‍ സ്വീകരിച്ചിരുന്നു. 422 പരാതികളാണ് ആകെ ലഭിച്ചത്. സർവേ, പട്ടയം, പോക്കുവരവ്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരാതികൾ. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് പട്ടയം ലഭിക്കുന്നതിനുവേണ്ടിയാണ്. 260 പരാതികളാണ് പട്ടയത്തിനായി ലഭിച്ചത്. സർവേയുമായി ബന്ധപ്പെട്ട് 89 അപേക്ഷകളും പോക്കുവരവുമായി ബന്ധപ്പെട്ട് 17 അപേക്ഷകളും ലഭിച്ചു. പുതുതായി 68 പരാതികൾ ലഭിച്ചു. 30 ദിവസത്തിനകം ഇവയിൽ തീർപു കൽപിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചാണ് അദാലത്ത് നടത്തിയത്. മറ്റു താലൂക്കുകളിലും ഉടനെ അദാലത്ത് സംഘടിപ്പിക്കും. കണയന്നൂർ തഹസിൽദാർ ബീന പി.ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി കലക്‌ടര്‍ പി.ബി.സുനിലാൽ, കണയന്നൂർ ഭൂരേഖ തഹസിൽദാർ കെ.മുഹമ്മദ് സാബിർ തുടങ്ങിയവർ പങ്കെടുത്തു.