എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക്ഫെസ്റ്റിനിടെ (cusat Techfest) തിക്കിലും തിരക്കിലും പെട്ട് (Cusat Stampede) നാല് പേർ മരിച്ച സംഭവം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കും (Disaster Management Authority will investigate). സാങ്കേതിക വിദഗ്‌ദരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. കോളേജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗ്ഗരേഖയുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു (R Bindu) അറിയിച്ചു.
പരിപാടി പൊലീസിനെ അറിയിക്കാത്തത് ഗുരുതരമാണ്. പരിപാടിയിൽ പൊലീസ് ഇല്ലാതെ പോയതെന്താണെന്ന് പരിശോധിക്കേണ്ടതാണ്. പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടെക് ഫെസ്റ്റിന്‍റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരണമടഞ്ഞത്.
രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാൽപ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്.
ടെക്ഫെസ്റ്റിന്‍റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ആംഫി തീയ്യേറ്ററിലേക്ക് റോഡരുകില്‍ നിന്നവര്‍ മഴ വന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം.
തീയ്യേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴേക്ക് വീഴുകയായിരുന്നു. അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.