എറണാകുളം :ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ദിഖിന്‍റെ ആരോഗ്യ നില ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തും. തുടർന്ന് ആരോഗ്യാവസ്ഥ സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിക്കും. തുടർ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സിദ്ദിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധയെ തുടർന്ന് ദീർഘ നാളായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. കരൾ രോഗം കുറഞ്ഞ് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
ഇതോടെയാണ് സിദ്ദിഖിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കരൾ രോഗ ബാധയോടൊപ്പം ന്യുമോണിയ ബാധിച്ചതും ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടൊപ്പം ഹൃദായാഘാതം സംഭവിച്ചതും ആരോഗ്യാവസ്ഥ സങ്കീർണമാക്കി.
വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സുഹൃത്തുക്കൾ : അതേസമയം സിദ്ദിഖ് അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായ നടൻ പ്രശാന്ത് കാഞ്ഞിരമറ്റവും, സംവിധായകൻ ജോസ് തോമസും കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് വ്യക്‌തമാക്കിയിരുന്നു.