എറണാകുളം: സംവിധായകൻ സിദ്ദിഖ് ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. എറണാകുളം സെൻട്രൽ ജുമ മസ്‌ജിദിൽ ബബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്.
വൈകുന്നേരം അഞ്ചുമണിയോടെയാണ് കാക്കനാട് പള്ളിക്കരയിലെ വസതിയിൽ നിന്നും മൃതദേഹം സെൻട്രൽ ജുമ മസ്‌ജിദിൽ എത്തിച്ചത്. തുടർന്ന് മയ്യത്ത് നിസ്ക്കാരം നടത്തിയ ശേഷമായിരുന്നു പള്ളി മുറ്റത്ത് വെച്ച് സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതി നൽകിയത്.
രാവിലെ അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം കാക്കനാട്ടെ വീട്ടിലെത്തിച്ച ശേഷം ഒമ്പതു മണിയോടെയാണ് പൊതു ദർശനത്തിനായി കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ എത്തിച്ചത്. ആയിരങ്ങളാണ് കടവന്ത്രയിലെ പൊതു ദർശന വേദിയിലെത്തി അന്തിമോപചാരം അർപ്പിച്ചത്. രാഷ്ട്രീയ, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊതു ജനങ്ങളും ഉൾപ്പെടെ വൻ ജനാവലിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
അന്തിമോപചാരം അര്‍പ്പിച്ചത് നിരവധി പ്രമുഖര്‍: മമ്മൂട്ടി, ജയറാം, ലാൽ, ജഗദീഷ്, ടോവിനോ, ഫഹദ് ഫാസിൽ, നസ്റിയ സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്‌ണൻ, കമൽ ഉൾപ്പെടെ നിരവധി പ്രമുഖരാണ് അന്തിമോപചാരം അർപ്പിച്ചത്. തങ്ങളുടെ അഭിനയ ജീവിതത്തെ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത സംവിധായകന്‍റെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ പലർക്കും സങ്കടം താങ്ങാനയില്ല. കടവന്ത്ര സ്‌റ്റേഡിയത്തിലെ പൊതു ദർശന ചടങ്ങുകൾ പൂർത്തിയാക്കി പന്ത്രണ്ടേകാലോടെയാണ് മൃതദേഹം കാക്കനാടുള്ള വീട്ടിലേക്ക് കൊണ്ടുപോയത്.
മലയാള സിനിമയിൽ ചിരിയുടെ സൂപ്പർ ഹിറ്റുകൾ അണിയിച്ചൊരുക്കിയ പ്രിയ സംവിധായകന് അന്തിമോപചാരം അർപ്പിക്കാൻ കലാകേരളം ഒന്നാകെയാണ് കടവന്ത്രയിലേക്ക് ഒഴുകിയെത്തിയത്. സമൂഹത്തിന്‍റെ നാനാ തുറകളിലുള്ളവർ മലയാള സിനിമ മേഖലയിൽ മൂന്നര പതിറ്റാണ്ടിലേറെയായി നിറ സാന്നിധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട സിദ്ദിഖിനെ അവസാനമായി ഒരു നോക്കുകാണാൻ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. മലയാള സിനിമയിലെ നടീനടന്മാർ തങ്ങളുടെ അഭിനയ ഗുരുവിന് ഏറെ വൈകാരികമായി അന്ത്യ യാത്രയയപ്പ് നൽകുന്നതിനാണ് കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയം സാക്ഷിയായത്.
മികച്ച സംവിധായകൻ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നു സിദ്ദിഖ് എന്നാണ് താരങ്ങളെല്ലാം ഒരേ സ്വരത്തിൽ അനുശോചന സന്ദേശങ്ങളിൽ വ്യക്തമാക്കിയത്. ഹൃദായാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രി 9:10ഓടെയായിരുന്നു മരണം സംഭവിച്ചത്. കരൾ രോഗം, ന്യുമോണിയ എന്നിവയെ തുടർന്നായിരുന്നു സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കരൾ മാറ്റി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയായിരുന്നു.