കൊച്ചി :സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. എറണാകുളം - കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ ഞായറാഴ്‌ച രാവിലെ 10.15 ഓടെയായിരുന്നു വിയോഗം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു (Director KG George Passes Away).
സംസ്‌കാരം ചൊവ്വാഴ്‌ച നടക്കും. മൃതദേഹം തമ്മനത്തെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗോവയിലുള്ള ഭാര്യ സൽമയും മക്കളും കൊച്ചിയിലെത്തിയ ശേഷം പൊതുദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
ആഖ്യാനത്തില്‍ നവീനഭാഷ്യം നല്‍കിയ ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജ്. സ്വപ്നാടനം, യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്,ആദാമിന്‍റെ വാരിയെല്ല്, തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. 1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അവസാന ചിത്രം (Films Of KG George).
നാലുപതിറ്റാണ്ടുനീണ്ട ചലച്ചിത്ര ജീവിതത്തില്‍ 19 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്‌തത്. സ്വപ്‌നാടനത്തിലൂടെയായിരുന്നു അരങ്ങേറ്റം. മണ്ണ്, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള എന്നിവയും പ്രധാന ചിത്രങ്ങളാണ്.രാമു കാര്യാട്ടിന്‍റെ സഹായിയായാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത് (Panchavadippalam by KG george).
ആദ്യം സംവിധാനം ചെയ്‌ത സ്വപ്‌നാടനത്തിന് തന്നെ മികച്ച മലയാള ചലച്ചിത്രത്തനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1982 ൽ അദ്ദേഹം സംവിധാനം ചെയ്‌ത യവനിക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. കാലാതിവർത്തിയായ സിനിമകള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി (Yavanika By KG George).
ക്രൈം തില്ലറുകളും, സ്ത്രീപക്ഷ സിനിമകളും ഉൾപ്പടെ അദ്ദേഹം സാക്ഷാത്കരിച്ചു. മമ്മൂട്ടി പ്രേക്ഷക ശ്രദ്ധ നേടുന്നത് കെ.ജി ജോർജിന്‍റെ മേളയിലൂടെയാണ്. 1946 ൽ തിരുവല്ലയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം (Mammootty's Mela Directed by KG George).