കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണ കോടതി പരിഗണിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്‍റെ ആക്ഷേപം. അതേസമയം കോടതിയിൽ ഹാജരായ നടൻ മുകേഷ് എംഎൽഎയുടെ സാക്ഷി വിസ്‌താരം ആരംഭിച്ചു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ രഹസ്യമായാണ് സാക്ഷി വിസ്‌താരം നടക്കുന്നത്. നടൻ ദിലീപും കോടതിയിൽ ഹാജരായിട്ടുണ്ട്. മുകേഷിന്‍റെ സാക്ഷിവിസ്‌താരവും എതിർ വിസ്‌താരവുമാണ് ഇന്ന് നടക്കുക.
ദിലീപിന്‍റെ ജാമ്യത്തിനെതിരായ ഹർജി ഇന്ന് വിചാരണ കോടതിയിൽ - നടിയെ ആക്രമിച്ച കേസ്
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്‍റെ ആക്ഷേപം. കൊച്ചി സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു വർഷത്തോളം മുകേഷിന്‍റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. 2013ൽ താരസംഘടന അമ്മയുടെ സ്റ്റേജ് ഷോക്ക് വേണ്ടിയുള്ള റിഹേഴ്‌സൽ സമയത്ത് നടിയെ ആക്രമിക്കാൻ ദിലീപ് സുനിയുമായി ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. ഈ സമയത്ത് മുകേഷിന്‍റെ ഡ്രൈവറായാണ് പൾസർ സുനി അവിടെയെത്തിയത്. എന്നാൽ തനിക്ക് സുനിയും ദീലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും മെഗാഷോയ്ക്ക് വിവിഐപി ടിക്കറ്റ് സുനിക്ക് നൽകിയില്ലെന്നും മുകേഷ് മൊഴി നൽകി. ലോറിയുമായി തൻ്റെ കാർ കൂട്ടിയിടിച്ചതിന് പിന്നാലെ സുനിയെ ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സുനി എർപ്പാടാക്കി തന്ന മറ്റൊരു ഡ്രൈവർ ഒരു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞതായും മുകേഷ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ ദിലീപും നടിയുമായും പ്രശ്‌നങ്ങൾ ഉള്ളതായി തനിക്കറിയാമായിരുന്നുവെന്നും മുകേഷ് മൊഴി നൽകിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താൻ കാര്യങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. അറസ്റ്റ് നടന്ന ദിവസം ദിലീപ് വിളിച്ചിരുന്നു. എന്നാൽ താൻ ഫോൺ എടുത്തിരുന്നില്ല. ദിലീപിനെ താൻ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് വിളിക്കാറുള്ളതെന്നും മുകേഷ് മൊഴി നൽകിയിട്ടുണ്ട്.
ഇതിനകം ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ 45 സാക്ഷികളുടെ വിസ്‌താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.