എറണാകുളം : അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്‍റെ എഫ്ഐആർ തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ ബി.രാമൻ പിള്ള ഇ.ടി.വി ഭാരതിനോട്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് കാത്തിരിക്കുകയായിരുന്നുവെന്നും ബി രാമൻ പിള്ള പറഞ്ഞു. കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിലാണ് നീക്കം.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം സത്യ വിരുദ്ധമാണ്. നടിയെ ആക്രമിച്ച കേസിൽ കള്ള തെളിവുണ്ടാക്കാനുളള ശ്രമത്തിന്‍റെ ഭാഗമായി കെട്ടിച്ചമച്ചതാണ് വധഗൂഢാലോചന കേസ്. ക്രൈംബ്രാഞ്ച് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതിക്ക് ബോധ്യമായെന്നും ദിലീപിന്‍റെ അഭിഭാഷകൻ പറഞ്ഞു.
Also Read: പ്രോസിക്യൂഷന് തിരിച്ചടി; വധ ഗൂഢാലോചന കേസില്‍ ദിലീപിന് ആശ്വാസം, മറ്റ് 5 പ്രതികള്‍ക്കും ജാമ്യം
മൂന്ന് ദിവസം തന്‍റെ കക്ഷികളെ ചോദ്യം ചെയ്യാൻ നേരത്തേ അനുവദിച്ചതാണ്. എത്ര കസ്റ്റഡിയിൽ വിട്ടാലും ഇല്ലാത്ത കാര്യങ്ങളിൽ എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു. പ്രോസിക്യൂഷൻ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നത് ദുരുദ്ദേശത്തോടെയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നീണ്ടു പോയതിൽ അസാധാരണമായി ഒന്നുമില്ല. കേസ് നീണ്ട് പോയതിന് കാരണം പ്രോസിക്യൂഷനാണ്. കോടതിയെ ബോധിപ്പിക്കാൻ തെളിവില്ലാത്തതിനാൽ ഒരോ തവണയും മാറ്റിവയ്പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
കോടതിയുടെ മുമ്പിൽ ദിലീപിന് ഒരു പരിഗണനയുമില്ല. പൊലീസും മാധ്യമങ്ങളും ദിലീപിനെതിരെ നീങ്ങുകയായിരുന്നുവെന്നും അഡ്വ. ബി.രാമൻ പിള്ള ആരോപിച്ചു. തുടർന്നും ദലീപ് അന്വേഷണവുമായി അങ്ങേയറ്റം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.