എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധന തുടങ്ങി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ശബ്‌ദപരിശോധന നടത്തുന്നത്.
വധ ഗൂഢാലോചനക്കേസിൽ സാക്ഷി ബാലചന്ദ്രകുമാർ തെളിവായി നൽകിയ ശബ്‌ദരേഖകൾ പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് വേണ്ടിയാണ് ശബ്‌ദപരിശോധന നടത്തുന്നത്. പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.