എറണാകുളം:ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കറിന്‍റെ ദേഹാസ്വാസ്ഥ്യം നാടകമെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. എം ശിവശങ്കറിനെതിരെ നിരവധി ആരോപണങ്ങളാണ് കസ്റ്റസ് ഉന്നയിക്കുന്നത്. ശിവശങ്കറിന് അസുഖമില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതാണ്. വേദനസംഹാരി കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉളളത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും കസ്റ്റംസ് ആരോപിച്ചു.
എം ശിവശങ്കറിന്‍റെ ആശുപത്രി പ്രവേശനം നാടകം; ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് കസ്റ്റംസ് - m sivasankar health problems scripted
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞതായും കസ്റ്റംസ് കോടതിയിൽ പറഞ്ഞു
ചോദ്യം ചെയ്യൽ ഒഴിവാക്കാനായാണ് അസുഖമുളളതായി അഭിനയിച്ചത്. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് അദ്ദേഹം നിർബന്ധിക്കുകയായിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യം പരിഗണിക്കരുതെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. അതേ സമയം കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും കസ്റ്റംസ് ആക്ട് പ്രകാരം നോട്ടീസ് ലഭിച്ചവർക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും തുടങ്ങിയ വാദങ്ങളും കൗണ്ടർ അഫ്ഡവിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എതിർ സത്യവാങ്മൂലം കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.