എറണാകുളം: സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആറംഗ മെഡിക്കൽ ബോർഡ് രൂപികരിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് വൈകരുതെന്ന് കോടതി നിർദേശിച്ചു. ചികിത്സക്കായുള്ള ഫണ്ടിംഗ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റിപ്പോർട്ട് നൽകാൻ നിർദേശം
അപൂർവ രോഗമായ എസ്.എം.എയുടെ മരുന്നിനായി അഞ്ചു മാസം മാത്രം പ്രായമുള്ള ഇമ്രാന് 18 കോടി രൂപ ആവശ്യമാണെന്നും ഇതിന് സർക്കാർ സഹായത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് പെരിന്തൽമണ്ണ സ്വദേശിയായ ആരിഫ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ വിദഗ്‌ധ ഡോക്ടർമാരുൾപ്പെട്ട അഞ്ചംഗ പാനൽ തയ്യാറാക്കി നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
പരിശോധനക്കായി വിദഗ്‌ധ പാനൽ
സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാൻ മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. ഈ കുട്ടിക്ക് നൽകേണ്ട മരുന്ന് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതാണെന്നും 18 കോടി രൂപയാണ് വിലയെന്നും പിതാവ് നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സമാനമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കണ്ണൂരിലെ മാട്ടൂൽ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് വേണ്ടി മലയാളികൾ ഒത്തുചേർന്ന് ഏഴു ദിവസം കൊണ്ട് 18 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചിരുന്നു.