വായ്പാ കുടിശ്ശികയുടെ പേരിൽ ജപ്തി നടപടിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസിൽ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് പാലിക്കാതിരുന്നതിൽ പ്രതിഷേധിച്ചതിനാണ് ഡിവിഷൻ ബഞ്ച് പ്രീതാ ഷാജിക്കെതിരെ കോടതി അലക്ഷ്യ നടപടി തുടങ്ങിയത്. പ്രീതാ ഷാജിക്ക് കോടതി അലക്ഷ്യക്കേസിൽ നിർബന്ധിത സമൂഹ്യസേവനത്തിനുള്ള ശിക്ഷ നൽകാനാണ് ഹൈക്കോടതി ആലോചിക്കുന്നത്.
പ്രീത ഷാജിക്കെതിരെ കോടതി അലക്ഷ്യ കേസ്
നിർബന്ധിത സമൂഹ്യസേവനത്തിനുള്ള ശിക്ഷ നൽകണമെന്നാണ് കോടതി ആലോചിക്കുന്നത്. കേസിൽ എതിർ കക്ഷിക്ക് വീട് വിട്ട് നൽകണമെന്ന വിധി പ്രീത ഷാജി ലംഘിച്ചതിനെതിരെയാണ് കോടതിയുടെ നടപടി.
കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നതെന്നും കോടതി വിമർശിച്ചിരുന്നു. ഏതു തരത്തിലുള്ള സേവനമാണ് ഇവർ ചെയ്യേണ്ടതെന്ന് സംബന്ധിച്ച റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. ക്ഷമാപണം സ്വീകരിച്ചു കോടതി അലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ അർത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.
വീടും പറമ്പും ഒഴിയാനുള്ള ഉത്തരവ് പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തിൽ പിടിച്ച എം എൻ രതീഷ് നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. വിധി നടപ്പാക്കുന്നത് തടഞ്ഞ ഇവർ പ്രതിഷേധം സംഘടിപ്പിച്ച് പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.