എറണാകുളം:ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് ജനപ്രതിനിധികൾ സമരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആലുവ എം.എൽ.എ അൻവർ സാദത്ത്, ബെന്നി ബെഹനാൻ എം.പി. എന്നിവർ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. തൊട്ടു പിന്നാലെ സി.ഐ സുധീറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം തുടർച്ചയായ മൂന്നാം ദിവസത്തിലേക്ക് കടന്നത്.
READ MORE:CI Sudheer suspended: മൊഫിയയുടെ ആത്മാവിന് ആശ്വാസം; സി.ഐ സുധീറിന് സസ്പെൻഷൻ
സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്ത വിവരം എസ്.പി കെ. കാർത്തിക് അറിയിച്ചതായി ബെന്നി ബെഹനാൻ പറഞ്ഞു. മൂന്ന് ദിവസമായി നടത്തിയ പോരാട്ടത്തിന് ഫലം ലഭിച്ചു. പെൺകുട്ടിക്ക് നീതി ലഭിച്ചിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ലഭിച്ചത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കുമെന്നതിന് തെളിവാണ് ഈ സമരം. മൊഫിയയുടെ കുടുംബത്തോടൊപ്പം എന്നുമുണ്ടാകും. സി.ഐയ്ക്ക് എതിരായ നടപടി നേരത്തെ എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കോൺഗ്രസ് സമീപകാലത്ത് ഏറ്റെടുത്ത വലിയൊരു സമരമാണ് വിജയത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് നടിപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്.