കേരളം

kerala

ETV Bharat / state

ഓണത്തെ വരവേറ്റ് തൃപ്പൂണിത്തുറയില്‍ അത്താഘോഷം

ചെണ്ടമേളം, പഞ്ചവാദ്യം, മുടിയാട്ടം, തെയ്യം, തുള്ളൽ, കഥകളി, കുമ്മാട്ടിക്കളി, തുടങ്ങിയ നാടൻ കലാരൂപങ്ങൾ ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് അത്തം ഘോഷയാത്ര കാഴ്ചക്കാർക്ക് സമ്മാനിച്ചത്.

By

Published : Sep 2, 2019, 1:38 PM IST

Updated : Sep 2, 2019, 2:40 PM IST

atham

എറണാകുളം: സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് അത്താഘോഷം തൃപ്പൂണിത്തുറയിൽ നടന്നു. ആയിരങ്ങളാണ് വർണശബളമായ ഘോഷയാത്രയിൽ അണിനിരന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. കാണം വിൽക്കാതെ ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓണത്തെ വരവേറ്റ് തൃപ്പൂണിത്തുറയില്‍ അത്താഘോഷം

ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ഇത്തവണ അത്താഘോഷം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് കുപ്പികളും ഫ്ലെക്സുകളും ഘോഷയാത്രയിൽ നിരോധിച്ചിരുന്നു. സുരക്ഷയ്ക്കായി 400 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നിശമന സേനയുടെ സേവനം എന്നിവ സംഘാടകർ ഉറപ്പാക്കിയിരുന്നു. അത്തച്ചമയ ഘോഷയാത്ര വീക്ഷിക്കാൻ ആയിരങ്ങളാണ് തൃപ്പൂണിത്തറയിലെത്തിയത്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം വൈവിധ്യങ്ങളായ കേരളീയ കലാരൂപങ്ങളാണ് അത്തം ഘോഷയാത്രയുടെ ഭാഗമായത്. ചെണ്ടമേളം, പഞ്ചവാദ്യം, മുടിയാട്ടം, തെയ്യം, തുള്ളൽ, കഥകളി, കുമ്മാട്ടിക്കളി, തുടങ്ങിയ നാടൻ കലാരൂപങ്ങൾ ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് അത്തം ഘോഷയാത്ര കാഴ്ചക്കാർക്ക് സമ്മാനിച്ചത്. അതേ സമയം മുൻകാലങ്ങളെ അപേക്ഷിച്ച് കലാരൂപങ്ങളുടെ എണ്ണം കുറവായിരുന്നു. പ്രളയാനന്തര സാഹചര്യം പരിഗണച്ച് ചിലവേറിയ കലാരൂപങ്ങൾ ഘോഷയാത്രയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു.

Last Updated : Sep 2, 2019, 2:40 PM IST

ABOUT THE AUTHOR

...view details