കേരളം

kerala

ETV Bharat / state

'വിളിക്കേണ്ടതു പോലെ വിളിക്കണം'; ഗവര്‍ണര്‍ക്ക് ഉരുളയ്‌ക്കുപ്പേരി പോലെ പിണറായി വിജയന്‍റെ മറുപടി

Pinarayi Vijayan Against Governor : ആരിഫ് മുഹമ്മദ്‌ ഖാൻ ആർഎസ്എസ് ആകുന്നതിൽ തനിക്ക് പ്രശ്‌നമില്ല. പക്ഷേ ഗവർണർ ഗവർണറായി പ്രവർത്തിച്ച് ഉത്തരവാദിത്വം നിർവഹിക്കണമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

Pinarayi Vijayan Replies Governor  Pinarayi Vijayan vs Arif Mohammed Khan  Pinarayi Vijayan Against Governor  Pinarayi Vijayan Replies Governor  Governor Against Kerala Govt  Kerala Governor against chief minister  ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മുറുപടി  ആരിഫ് മുഹമ്മദ്‌ ഖാൻ  പിണറായി വിജയൻ ഗവര്‍ണര്‍
CM Pinarayi Vijayan Replies Governor Arif Mohammed Khan

By ETV Bharat Kerala Team

Published : Dec 7, 2023, 5:13 PM IST

Updated : Dec 7, 2023, 5:42 PM IST

എറണാകുളം :തന്നെ രാജ്ഭവനിലേക്ക് ക്ഷണിച്ച ഗവര്‍ണര്‍ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Replies Governor Arif Mohammed Khan). ഗവർണർ മാധ്യമങ്ങളിലൂടെയല്ല തന്നെ രാജ്ഭവനിലേക്ക് ക്ഷണിക്കേണ്ടതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആരിഫ് മുഹമ്മദ്‌ ഖാൻ ആർഎസ്എസ് ആകുന്നതിൽ തനിക്ക് പ്രശ്‌നമില്ല. പക്ഷേ ഗവർണർ ഗവർണറായി പ്രവർത്തിച്ച് ഉത്തരവാദിത്വം നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലിയിൽ നവകേരള സദസിന്‍റെ (Navakerala Sadas) ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി മിശ്രവിവാഹങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി (Nasar Faizy Koodathai on interfaith Marriage). മിശ്രവിവാഹം നടക്കുമ്പോൾ എതിർപ്പുകൾ ഉയരുന്നത് പണ്ട് മുതലുള്ള കാര്യമാണ്. മിശ്രവിവാഹം നടക്കുന്നത് നാടിന്‍റെ മാറ്റത്തിന്‍റെ ഭാഗമാണ്. മിശ്രവിവാഹം തടയാൻ ഒരാൾക്കും കഴിയില്ല. ഒരു സംഘടനയും മിശ്രവിവാഹത്തിന്‍റെ ദല്ലാളായി പ്രവർത്തിക്കുന്നില്ലെന്നും നാസർ ഫൈസിയുടെ പ്രസ്‌താവനയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ഷഹനയുടെ മരണം (Dr Shahana Death) സർക്കാർ ഗൗരവകരമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇത്തരം സംഭവങ്ങൾ തടയേണ്ടത് കുടുംബങ്ങളിൽ നിന്നു തന്നെയാണ്. സമൂഹത്തിന്‍റെ പൊതുവായ ശാക്തീകരണം ആവശ്യമാണ്. സ്ത്രീധനം തന്നാൽ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയുന്ന തരത്തിലേക്ക് കുട്ടികൾ മാറേണ്ടതുണ്ട്. കുട്ടികൾക്ക് ആ തരത്തിലുള്ള പിന്തുണ രക്ഷിതാക്കൾ നൽകണം. സ്ത്രീധനം ചോദിക്കാൻ പാടില്ലന്ന ബോധത്തിലേക്ക് യുവാക്കളും മാറണം. അതിന് സമൂഹത്തിന്‍റെയാകെ അവബോധവും ശക്തമായ നിയമ നടപടികളും ആവശ്യമാണ്. അത്തരം ശക്തമായ നടപടികൾ തന്നെയാണ് സർക്കാർ സ്വീകരിച്ച് പോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:പിടിവാശി ഉപേക്ഷിച്ച് കേരള ഗവര്‍ണര്‍; നിയമസഭ പസാക്കിയ ഒരു ബില്ലില്‍ ഒപ്പു വച്ചു, 7 എണ്ണം രാഷ്‌ട്രപതിക്ക് അയക്കും

ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്ക് നൽകിയ വാക്ക് സർക്കാർ പാലിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. പുതിയ കരട് വിഞ്ജാപനം തയ്യാറാക്കുമ്പോൾ ജനവാസ മേഖല പൂർണമായി ഒഴിവാക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസം നിൽക്കുന്നു. ഇക്കാര്യം നവകേരള സദസിന്‍റെ ഭാഗമായി ജനങ്ങളെ അറിയിക്കും. നാടിന്‍റെ വികസനം തടയാൻ ശ്രമിക്കുന്ന കേന്ദ്രനയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതും നവകേരള സദസിന്‍റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരള സദസില്‍ മൂന്ന് ലക്ഷത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് നിവേദനം ഇതുവരെ ലഭിച്ചു. ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് കൂടുതൽ നിവേദനങ്ങൾ എത്താന്‍ കാരണം. പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ ഭാഗത്തു നിന്ന് നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാർക്ക് നവകേരള സദസിലേക്ക് എത്തി നേരിട്ട് കാര്യങ്ങൾ ഉന്നയിക്കാമായിരുന്നു. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ വേദിയിൽ വന്ന് തന്നെ അവർക്ക് പറയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകോത്തര നിലവാരത്തിലേക്ക് :കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി മണ്ഡലം നവകേരള സദസിന്‍റെ ഭാഗമായി അഡ്‌ലക്‌സ് കൺവെൻഷൻ സെന്‍ററിൽ നടന്ന പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ നിന്ന് നിരവധി പേർ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായും കുടിയേറ്റത്തിനായും പോകുന്ന സാഹചര്യത്തെ കുറിച്ചായിരുന്നു മഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തി വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ പോകുന്നത് പ്രതിരോധിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകയ്യിൽ ലോകം മുഴുവന്‍ ലഭിക്കുന്ന കാലമാണ്. വിദേശ പഠനവും മറ്റും കുട്ടികൾ സ്വയം കണ്ടെത്തുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുകയും, സ്ഥാപനങ്ങളുടെ മികവ് വർധിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി സർവകലാശാലകൾ നല്ല പ്രകടനം കാഴ്‌ചവക്കുന്നു. പുതിയ കോഴ്‌സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

Also Read:ഗവര്‍ണര്‍ക്ക് തിരിച്ചടി, സര്‍ക്കാരിന് വിജയം ; പ്രശ്‌ന പരിഹാരം അകലെ

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി കേരളം വികസിക്കുമ്പോൾ വിദേശ വിദ്യാർഥികളും കേരളത്തിലേക്കെത്തും. അവർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകൾ ആരംഭിക്കും. ഇവിടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ കോഴ്‌സുകൾ അത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.

Last Updated : Dec 7, 2023, 5:42 PM IST

ABOUT THE AUTHOR

...view details