എറണാകുളം : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയാൻ 80 ദിവസമെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസക്കാലത്തേക്ക് കേന്ദ്ര മന്ത്രിമാരാരും തന്നെ സംസ്ഥാനം സന്ദർശിക്കാൻ ശ്രമിച്ചില്ല (Pinarayi Vijayan On Manipur Riot ).
ഡൽഹിയിലെ മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ (George Kallivayalil) എഴുതിയ 'മണിപ്പൂർ എഫ്ഐആർ' (Manipur FIR) എന്ന പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ ആക്രമണങ്ങൾ മുഖ്യധാര മാധ്യമങ്ങൾ പോലും അവഗണിക്കുകയോ റിപ്പോർട്ട് ചെയ്യാൻ മടിക്കുകയോ ചെയ്‌ത സാഹചര്യത്തിലാണ് ജോർജ് അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ മുന്നോട്ട് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി മണിപ്പൂരിൽ അക്രമം തുടരുകയാണ്.
ഇസ്രയേൽ - പലസ്‌തീൻ കലാപം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിലെത്തിയ മാധ്യമങ്ങൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് മുൻനിര മാധ്യമങ്ങളുടെ താത്‌പര്യങ്ങളും മുൻഗണനകളുമാണ് വ്യക്തമാക്കുന്നത്. മണിപ്പൂര്‍ വിഷയത്തിൽ പ്രതികരിക്കാൻ കാലതാമസം എടുത്തു എന്ന് മാത്രമല്ല, ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതിന് പകരം അവിടെ നടന്ന അരുംകൊലകൾ പകർത്തി ലോകത്തിന് മുന്നിൽ കൊണ്ടുവന്നവർക്കെതിരെയാണ് സർക്കാർ കേസെടുത്തതെന്നും പിണറായി വിജയൻ ആരോപിച്ചു.