എറണാകുളം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ് ശശികുമാർ നൽകിയ പരാതിയിൽ ഗവർണർ വിശദീകരണം ചോദിച്ചതിൽ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്‍റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരാതി ഇങ്ങനെ: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ എസ് ശശികുമാർ പരാതി നൽകിയത്. ഇതേ തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജനങ്ങളിൽ കുറ്റവാസന ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആർട്ടിക്കിൾ 360(1) പ്രകാരം കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എന്നായിരുന്നു ഗവർണർക്കയച്ച പരാതിയുടെ ഉള്ളടക്കം.
മുഖ്യമന്ത്രിയുടെ മറുപടി: ഗവർണർക്ക് കിട്ടുന്ന പരാതികൾ സർക്കാരിന് അയക്കേണ്ട കാര്യമില്ല. സർക്കാർ അതിന് വിശദീകരണം നൽകുന്നതും പതിവില്ല. ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സർക്കാരിനോട് ചോദിച്ചാൽ മറുപടി നൽകാം. എന്നാൽ ആരെങ്കിലും അയച്ച കത്തിൽ മറുപടി ചോദിച്ചാൽ വിശദീകരണം നൽകേണ്ടതില്ല.
ഈ ഗവർണർ മുൻപും സമാനമായ കാര്യം ചെയ്‌തിട്ടുണ്ടന്നും അത് അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്നലെ ആലുവ പറവൂർ കവലയിൽ മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യണം. മാധ്യമ പ്രവർത്തനം നടത്താത്തതിന്‍റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ല.
മാധ്യമ പ്രവർത്തകർ ഇത്തരം ആളുകളെയും സംഘടിപ്പിച്ച് പോകുന്ന നിലയുണ്ട്. അത് പലപ്പോഴും കാണുന്നുണ്ട്. നിങ്ങൾക്ക് കരിങ്കൊടി കാണിക്കേണ്ട ആവശ്യമില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.