എറണാകുളം:കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സംഘർഷം. ജനാഭിമുഖ കുർബാന തുടരണം എന്ന് ആവശ്യപ്പെടുന്ന അതിരൂപതയിലെ വൈദികരും ഒരു വിഭാഗം വിശ്വാസികളും ഇതിനെ എതിർക്കുന്ന സിറോ മലബാർ സഭ ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം.
വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ജനാഭിമുഖ കുർബാന നടക്കുന്നതിനിടെ പുതുതായി നിയമിതനായ അഡ്‌മിനിസ്ട്രേറ്റർ ആന്‍റണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ജനാഭിമുഖ കുർബാന തടയാനുള്ള ശ്രമം പൊലീസ് ഇടപ്പെട്ട് ഒഴിവാക്കിയിരുന്നു.
അതേസമയം പ്രതിഷേധ സൂചകമായി വൈദികർ ജനാഭിമുഖ കുർബാന തുടർന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് ഒരു വിഭാഗം ഇരച്ചു കയറിയത്. ഇവർ കുർബാന തടസപ്പെടുത്തുകയും അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്‌തു.