എറണാകുളം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം ഇതുവരെ യാത്ര ചെയ്‌തത് ഒരു കോടി യാത്രക്കാര്‍. 2023 അവസാനിക്കാൻ 10 ദിവസം മാത്രം അവശേഷിക്കെയാണ് സിയാൽ ഈ നേട്ടം കൈവരിച്ചത്. വ്യാഴാഴ്‌ച (ഡിസംബര്‍ 21) വൈകിട്ട് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 പേര്‍ യാത്ര ചെയ്‌തതോടെയാണ് യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തിയത് (Kochi International Airport).
പ്രതിവർഷം ഒരു കോടി യാത്രക്കാരെത്തുന്ന കേരളത്തിലെ ഏക വിമാനത്താവളമാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളവുമാണ് സിയാല്‍. കേരളത്തിലെ മൊത്തം വിമാന യാത്രക്കാരുടെ 63.50 ശതമാനവും യാത്ര ചെയ്യുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് .
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം പേരുടെ വര്‍ധനവാണ് സിയാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരു കോടി യാത്രക്കാരില്‍ 54.04 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങളാണ് ഇക്കാലയളവില്‍ സര്‍വീസ് നടത്തിയത്.
2022ല്‍ 80.23 ലക്ഷം പേരാണ് സിയാലിലൂടെ യാത്ര ചെയ്‌തത്. അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവളത്തിന്‍റെ പ്രചാരണത്തിലും സിയാല്‍ നടത്തി വരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സിയാല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് (CM Pinarayi Vijayan).
വരും വര്‍ഷങ്ങളിലും ഒരു കോടിയില്‍ കുറയാതെ യാത്രക്കാര്‍ എത്തുമെന്ന പ്രതീക്ഷയാണ് മാനേജ്മെന്‍റിനുള്ളത്. അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസുകാരി ലയ റിനോഷ് ആണ് സിയാലിലെ ഈ വര്‍ഷത്തെ ഒരു കോടി യാത്രക്കാരുടെ എണ്ണം പൂർത്തിയാക്കിയത്.
സിയാല്‍ മാനേജിങ് ഡയറക്‌ടര്‍ എസ്.സുഹാസ് ലയക്ക് പ്രത്യേക ഉപഹാരം നല്‍കി അനുമോദിച്ചു. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാരായ സജി.കെ ജോര്‍ജ്, ജയരാജന്‍ വി, സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്‍റ് സുനീത് ശര്‍മ, സിയാൽ കൊമേർഷ്യൽ ഹെഡ് ജോസഫ് പീറ്റർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
also read:വിമാനത്താവളത്തില്‍ ആയിരത്തോളം തീർത്ഥാടകർക്ക് വിരിവെക്കാം; ഇടത്താവളമൊരുക്കി സിയാല്‍