കേരളം

kerala

ETV Bharat / state

മൂന്ന് വയസുകാരന്‍റെ മരണം; ആന്തരികാവയവം വിദഗ്ധ പരിശോധനക്കയച്ചു

ഒരു രൂപാ നാണയവും 50 പൈസ നാണയവുമാണ് കുഞ്ഞിന്‍റെ ശരീരത്തിനുള്ളിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടിലൂടെ കണ്ടെത്തിയത്.

aluva child death  എറണാകുളം  ആലുവ കടുങ്ങല്ലൂർ  നാണയം വിഴുങ്ങി മരിച്ച കുഞ്ഞ്  നാണയം വിഴുങ്ങി പോസ്റ്റ് മാർട്ടം റിപ്പോർട്ട്  ആലപ്പു‍ഴ മെഡിക്കല്‍ കോളേജ്  Child died swallowed Coin in Aluva  ernakulam death  child aluva death  post mortem child coin death  kadungallur
നാണയം വിഴുങ്ങി മരിച്ച കുഞ്ഞ്

By

Published : Aug 3, 2020, 2:26 PM IST

Updated : Aug 3, 2020, 3:27 PM IST

എറണാകുളം: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്‍റെ ഉള്ളിലുണ്ടായിരുന്നത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരു രൂപാ നാണയത്തിന് പുറമെ 50 പൈസ നാണയവും ശരീരത്തിനകത്തുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം പൂർത്തിയായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വൻകുടലിന്‍റെ അറ്റത്തായാണ് നാണയങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ, വൻകുടലിനുള്ളിൽ മുറിവുകൾ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമെ കൃത്യമായ മരണകാരണം അറിയാനാകൂവെന്ന് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചു.

നാണയം ആമാശയത്തിലെത്തിയതായി നേരത്തെ എക്‌സ്- റേ പരിശോധനയിൽ തെളിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെയാണ് കളിക്കുന്നതിനിടെ കുഞ്ഞ് നാണയം വി‍ഴുങ്ങിയത്. ആലുവയിലെ നന്ദിനി- രാജു ദമ്പതിമാരുടെ മകനാണ് പൃഥി രാജ്. കുഞ്ഞിനെ ഉടന്‍ തന്നെ ആലുവ താലൂക്കാശുപത്രിയില്‍ എത്തിച്ചു. എക്സ്-‌ റേ പരിശോധിച്ചപ്പോള്‍ നാണയം വയറ്റിൽ കണ്ടെത്തിയെങ്കിലും ചികിത്സ നൽകാതെ തിരിച്ചയക്കുകയായിരുന്നു. ചോറും പഴവും നൽകിയാൽ മതിയെന്നാണ് ഡോക്‌ടർമാർ പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. പിന്നീട്, എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്ന് ആലപ്പു‍ഴ മെഡിക്കല്‍ കോളജിൽ കുട്ടിയെ എത്തിച്ചു. എന്നാൽ, ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്ന് അറിയിച്ച് കുഞ്ഞിനെ വീട്ടിലയക്കുകയായിരുന്നു.

വീട്ടിലെത്തിയ കുഞ്ഞിന്‍റെ നില പിന്നീട് ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണം വ്യക്തമാകുമെന്നാണ് ഡോക്‌ടര്‍മാരുടെ വാദം. മൂന്ന് സർക്കാർ ആശുപത്രിയിലും ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. നാണയം വിഴുങ്ങിയത് മരണകാരണമാവില്ലെന്ന ഡോക്ടർമാരുടെ വിശദീകരണവും കുട്ടിയുടെ കുടുംബം തള്ളി കളഞ്ഞു. അസുഖങ്ങളൊന്നുമില്ലാത്ത കുട്ടി പിന്നെ എങ്ങനെ മരിച്ചുവെന്നാണ് വീട്ടുകാർ ഉന്നയിക്കുന്ന സംശയം.

Last Updated : Aug 3, 2020, 3:27 PM IST

ABOUT THE AUTHOR

...view details