കേരളം

kerala

ETV Bharat / state

പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ്‌യു പ്രവർത്തകരെ മോചിപ്പിച്ചു, രണ്ട് കോൺഗ്രസ് എംഎല്‍എമാർക്കെതിരെ കേസ്

കെ.എസ്.യു പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ എം.എൽ.എമാർ കഴിഞ്ഞ ദിവസം കാലടി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. ജനപ്രതിനിധികൾ പൊലീസിനോട് കയർത്ത് സംസാരിക്കുന്നതും ലോക്കപ്പ് തുറന്ന് പ്രവർത്തകരെ മോചിപ്പിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ പ്രചരിച്ചിരുന്നു.

By

Published : Jul 17, 2023, 3:13 PM IST

case against roji m john saneesh kumar mla kalady police
രണ്ട് കോൺഗ്രസ് എംഎല്‍എമാർക്കെതിരെ കേസ്

എറണാകുളം: പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോയ സംഭവത്തിൽ എം.എൽ.എമാർക്കെതിരെ കേസെടുത്തു. അങ്കമാലി എം.എൽ.എ റോജി എം. ജോൺ, ചാലക്കുടി എം.എൽ.എ കെ. സനീഷ് കുമാർ എന്നിവർക്കെതിരെയാണ് അങ്കമാലി പൊലീസ് കേസെടുത്തത്. സ്‌റ്റേഷനിൽ അതിക്രമിച്ചു കയറി കസ്റ്റഡിയിലുള്ളവരെ മോചിപ്പിച്ചതിനാണ് കേസ്.

കെ.എസ്.യു പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ എം.എൽ.എമാർ കഴിഞ്ഞ ദിവസം കാലടി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. ജനപ്രതിനിധികൾ പൊലീസിനോട് കയർത്ത് സംസാരിക്കുന്നതും ലോക്കപ്പ് തുറന്ന് പ്രവർത്തകരെ മോചിപ്പിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ പ്രചരിച്ചിരുന്നു. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഞായറാഴ്ച (16.07.23) രാവിലെയായിരുന്നു എം.എൽ.എമാർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പൊലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കെ.എസ്.യു പ്രവർത്തകരെ മോചിപ്പിക്കുകയായിരുന്നു.

കാലടി ശ്രീ ശങ്കര കോളേജില ഏഴ് വിദ്യാർത്ഥികളെയായിരുന്നു ഞായറാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ രണ്ട് വിദ്യാർത്ഥികളെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റില്ലെന്നാണ് റോജി എം ജോൺ എംഎൽഎയുടെ നിലപാട്. കാലടി പൊലീസ് വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വളരെ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് റോജി എം.ജോൺ വിമർശിച്ചിരുന്നു.

കെ.എസ്.യു പ്രവർത്തകരെ രാത്രികാലങ്ങളിൽ വീടുകയറി അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് കൊണ്ടുപോവുകയാണ്. അവരെ വാഹനത്തിൽ വെച്ച് മർദ്ദിക്കുകയാണ്. വിദ്യാർത്ഥികളെ കണ്ണുകെട്ടി മർദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റ് ചെയ്യുമ്പോൾ സ്വികരിക്കേണ്ട മാനദണ്ഡം പാലിക്കാതെയാണ് കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് സനീഷ് കുമാർ എം.എൽ.എയും ആരോപിച്ചിരുന്നു. അതേ സമയം കോളജിൽ ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് പൊലീസ് നിലപാട്.

നടപടി ശക്തമാക്കി പൊലീസ്: കാലടി ശ്രീ ശങ്കര കോളേജിൽ തുടർച്ചയായി സംഘർഷമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് റൂറൽ പൊലീസ് നടപടി ശക്തമാക്കിയത്. കേസിൽ പ്രതികളാകുന്ന വിദ്യാർത്ഥികൾക്ക് ഒരു വിധത്തിലുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകില്ല. ഇത് ജോലിയേയും ഉപരിപഠനത്തേയും വിദേശത്ത് പോകാനുള്ള അവസരത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ക്രിമനൽ പിന്തുണ നൽകുന്നവർ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കോളജിലെ വിദ്യാർത്ഥിയല്ലാതിരിക്കെ കാമ്പസിൽ ആക്രമത്തിൽ പങ്കെടുത്ത അനിസൻ എന്നയാളെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സംഘട്ടനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതികൾ ഉൾപ്പെട്ടവർ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലുമാണ്.

2015 മുതൽ 2023 ഇതുവരെ ശ്രീ ശങ്കര കോളേജിൽ നടന്ന സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് കാലടി പൊലീസ് പതിനെട്ടോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 -23 കാലയളവിൽ ഒമ്പത് കേസുകളുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗം പേരും റിമാന്‍ഡില്‍ പോവുകയും ചെയ്തു. ഇവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

കോളേജിൽ റാഗിങുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ തടയുകയും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്നും എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details