എറണാകുളം: ഈട്ടിപ്പാറ - മോഡേൺപടി റോഡ് നിർമാണത്തിന്‍റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയെന്ന പരാതിയില്‍ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പോത്താനിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റുമായ പി.കെ മൊയ്തു പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്ക് സി.പി.എം നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. വാർഡ് മെമ്പർ ഷാജിമോൾ റഫീക്ക്, ഈട്ടിപ്പാറ സ്വദേശിയും പെരുമ്പാവൂർ താലൂക്ക് സർവ്വേയറുമായ കോലോത്ത് അനസ്, മണ്ണെടുപ്പുകാരായ അടിവാട് കുപ്പശ്ശേരിയിൽ നൗഫൽ, കൂറ്റംവേലി കൂട്ടുങ്ങൽ അജി എന്നിവര്‍ക്ക് എതിരെയാണ് കേസ്.
റോഡ് നിർമാണത്തിന്‍റെ മറവിൽ മണ്ണെടുപ്പ്; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ് - മണ്ണെടുപ്പെന്ന് ആരോപണം
കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റുമായ പി.കെ മൊയ്തു പറഞ്ഞു. സി.പി.എം നല്‍കിയ പരാതി പഞ്ചായത്ത് സെക്രട്ടറി പൊലീസിന് കൈമാറുകയായിരുന്നു.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ ഗതാഗത യോഗ്യമായിരുന്ന ടാർ റോഡ് ആറടി താഴ്ചയിൽ കുഴിച്ച് ഇരുന്നൂറ് ലോഡ് മണ്ണ് കടത്തിയെന്നാണ് പരാതി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കൂടിയായ ഈട്ടിപ്പാറ സ്വദേശി കുറിഞ്ഞിലിക്കാട്ട് മൊയ്തീനാണ് ആദ്യം സെക്രട്ടറിക്ക് പരാതി നൽകിയത്. പിന്നീട് സി.പി.എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും പരാതി നല്‍കിയത്. പരാതി പഞ്ചായത്ത് സെക്രട്ടറി പൊലീസിന് കൈമാറുകയായിരുന്നു. വിഷയത്തിൽ വിജിലൻസ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്കും സി.പി.എം നേരത്തെ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണെടുക്കാന്‍ ഉപയോഗിച്ച രണ്ട് ടിപ്പറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പ്രസിഡന്‍റിനും വാര്‍ഡ് മെമ്പര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയും മണ്ണ് മാഫിയയും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് സി.പി.എം ആരോപണം. ലോക്ക് ഡൗൺ കഴിയുന്നതോടെ വിഷയത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് സി.പി.എം തയ്യാറെടുക്കുന്നതായി പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം ബക്കര്‍ പറഞ്ഞു. എന്നാല്‍ റോഡിന്‍റെ ഗുണഭോക്താക്കൾ സ്വന്തം നിലക്ക് മണ്ണെടുപ്പ് നടത്തിയതാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ മൊയ്തു പറഞ്ഞു.