കേരളം

kerala

ETV Bharat / state

ബ്രഹ്മപുരത്ത് തീയണഞ്ഞില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനൊരുങ്ങി ജില്ല ഭരണകൂടം - പ്ലാസ്റ്റിക് മാലിന്യം

ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച അട്ടിമറി ആരോപണത്തില്‍ പൊലീസ് കേസെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നത് കൊച്ചിയിലെ ജനങ്ങളെ ആശങ്കയിലാക്കി.

Brahmapuram fire  Brahmapuram waste plant fire  Ernakulam district authority wants IAF  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തം  വ്യോമസേനയുടെ സഹായം  വ്യോമസേന  എറണാകുളം ജില്ല കലക്‌ടര്‍ ഡോ രേണു രാജ്  ഡോ രേണു രാജ്  ഫയർ ആന്‍റ് റെസ്ക്യൂ  പ്ലാസ്റ്റിക് മാലിന്യം  വൻ തീപിടിത്തം
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തം

By

Published : Mar 4, 2023, 1:50 PM IST

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തം

എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ വ്യോമസേനയുടെ സഹായം തേടാൻ ജില്ല ഭരണകൂടം. അഗ്നിബാധ ഇന്ന് ഉച്ചയോടെ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ല കലക്‌ടർ ഡോ രേണു രാജ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ഇതു സംബന്ധിച്ച് വ്യോമസേനയുമായി ചർച്ച നടത്തിയതായും കലക്‌ടർ വ്യക്തമാക്കി.

ബ്രഹ്മപുരത്തെ അഗ്നിശമന പ്രവർത്തനങ്ങൾക്കായി കൂടുതൽ വെള്ളം ടാങ്കറുകളിൽ എത്തിക്കുന്നുണ്ട്. ആർടിഒ മുഖേനയാണ് ടാങ്കേഴ്‌സ് അസോസിയേഷനിൽ നിന്നും ടാങ്കറുകൾ ലഭ്യമാക്കുന്നത്. റീജിയണൽ ഫയർ ഓഫിസറുടെ കീഴിൽ കൂടുതൽ ഫയർ ആന്‍റ് റെസ്ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്. ബ്രഹ്മപുരത്തെ സ്ഥിതിവിശേഷം ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കലക്‌ടറേറ്റിൽ ഉന്നതതല യോഗം ചേരുമെന്നും കലക്‌ടർ അറിയിച്ചു.

ജെസിബി ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്‌ത് വെള്ളം ചീറ്റി തീ പൂർണമായും അണയ്ക്കാനുള്ള പ്രവർത്തനമാണ് നിലവില്‍ പുരോഗമിക്കുന്നത്. അതേസമയം രണ്ടാം ദിവസവും നഗരത്തിൽ ഉൾപ്പടെ പുക ശല്യം രൂക്ഷമായി. ബ്രഹ്മപുരത്ത് നിന്നും പതിനഞ്ച് കിലോമീറ്റർ ദൂരത്ത് വരെ രാവിലെ പുക പടർന്നു. കാറ്റിന്റെ ഗതി അനുസരിച്ചാണ് നഗര പ്രദേശങ്ങളിൽ ഉൾപ്പടെ പുക ശല്യം അനുഭവപ്പെട്ടത്.

മേയർ എം അനിൽകുമാർ മാലിന്യ പ്ലാന്‍റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം നടക്കുകയാണന്ന് മേയർ പറഞ്ഞു. ആറ് സെക്‌ടറുകളായാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. നേവി, ബിപിസിഎൽ എന്നിവരുടെ സഹായവും ഉണ്ട്.

'എല്ലാവരുടെയും സഹകരണം ആവശ്യമാണ്. പ്രഥമ പരിഗണന തീയണക്കുന്നതിനാണ്. മാലിന്യ നീക്കത്തിൽ തടസം നേരിടുന്നുണ്ട്. അട്ടിമറി ശ്രമമുണ്ടെങ്കിൽ അന്വേഷിക്കട്ടെ. ഏതന്വേഷണത്തെയും നഗരസഭ സ്വാഗതം ചെയ്യുന്നു.വിവാദങ്ങൾക്ക് മറുപടി പറയലല്ല തൻ്റെ ജോലി'. തീയണച്ചതിനു ശേഷം ശാശ്വതമായ പ്രശ്‌ന പരിഹാരം എങ്ങനെ എന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും മേയർ പറഞ്ഞു.

അട്ടിമറിയില്‍ പൊലീസ് അന്വേഷണം:തീപിടിത്തം സംബന്ധിച്ച് അട്ടിമറി ആരോപണത്തിൽ പൊലീസ് കേസെടുത്തു. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് ഇൻഫോ പാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അതേസമയം കൊച്ചി നഗരത്തിലെ മാലിന്യ നീക്കവും നിലച്ചിരിക്കുകയാണ്. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമാകും.

കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വ്യാഴാഴ്‌ച വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ആദ്യഘട്ടത്തിൽ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തീ പൂർണമായും അണയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കുടുതൽ അഗ്നിശമന സേന യൂണിറ്റുകൾ എത്തിക്കുകയായിരുന്നു.

പ്ലാസ്റ്റിക് കത്തി പുക ഉയരുന്നത് ആശങ്കയാകുന്നു: തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നത് ജനങ്ങളെ ആശങ്കയിലാക്കി.

പലർക്കും ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപൂർവം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. എല്ലാ വർഷവും ബ്രഹ്മപുത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻ കരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപിടിത്തം ആവർത്തിക്കാൻ കാരണമാവുകയാണ്. വർഷാവർഷങ്ങളില്‍ ഉണ്ടാകുന്ന വൻ തീപിടിത്തം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് കാര്യമായി ചർച്ച ചെയ്യപെടുകയോ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല.

കഴിഞ്ഞ ദിവസം മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ തീപിടിത്തമുണ്ടായത് സംശയകരമാണെന്ന നിലപാടാണ് കൊച്ചി കോർപറേഷൻ ഭരിക്കുന്ന ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ നിലപാട് സ്വീകരിച്ചത്. കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ബ്രഹ്മപുരത്ത് എത്തിച്ചാണ് സംസ്‌കരിക്കുന്നത്.

എന്നാൽ ശാസ്‌ത്രീയമായി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. ഇതിനായി നിരവധി പദ്ധതികൾ അവതരിപ്പിച്ചെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. ബ്രഹ്മപുരം മാലിന്യം തള്ളുന്ന പ്രദേശമായി മാറിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ABOUT THE AUTHOR

...view details