ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം.തീ പൂർണമായും നിയന്ത്രണ വിധേയമായെന്നും പുക അമ്പത് ശതമാനം നിയന്ത്രിച്ചെന്നും കലക്ടര്‍ അറിയിച്ചു. രണ്ട് ദിവസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്. പ്ലാന്‍റില്‍ രണ്ട് മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ തീപിടിത്തമാണിത്.പിന്നില്‍ അട്ടിമറിയുണ്ടെന്ന്കൊച്ചി മേയര്‍ അടക്കം സംശയമുയര്‍ത്തിയിരുന്നു സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ റവന്യൂ മന്ത്രി കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മൂന്ന് ദിവസത്തിനകം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കും.പ്ലാന്‍റിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് കലക്ടര്‍ - മുഹമ്മദ് വൈ.സഫിറുള്ള
ശ്വസന സംബന്ധമായ അസ്വസ്ഥതകൾ നേരിട്ടാൽ ചികിത്സ തേടണമെന്ന് അറിയിപ്പ്. സംഭവത്തില്‍ കലക്ടര്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
വെള്ളിയാഴ്ച രാത്രിയാണ് പ്ലാന്‍റില്‍ തീ പടര്‍ന്ന് പിടിച്ചത്. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്തിച്ച് തീയണക്കാനായിരുന്നു ആദ്യ ശ്രമം.ഇത് പാതി വിജയം കണ്ടതോടെ ഫയർ യൂണിറ്റിനാവശ്യമായ വെള്ളവും അടുത്ത് തന്നെ ഒരുക്കി നൽകി. കൂടാതെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിച്ച പത്ത് ഹൈ പ്രഷർ പമ്പുകൾ കടമ്പ്രയാറിൽ സ്ഥാപിച്ച് മാലിന്യ കൂമ്പാരത്തിലേക്ക് വെള്ളം പമ്പ് ചെയ്തു. കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ കനത്ത പുകയും ദുർഗന്ധവും അവഗണിച്ചാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് മാലിന്യങ്ങൾ ഇളക്കി മാറ്റി വെള്ളമടിച്ച് തീ അടിയിലേക്ക് വ്യാപിക്കാനുളള സാധ്യതയും ഇല്ലാതാക്കി. ഇതോടൊപ്പം മാലിന്യങ്ങളിൽ മണ്ണടിച്ചും അപകട ഭീതി കുറച്ചു. ഫയർ, പൊലീസ്,ആരോഗ്യ വകുപ്പ് ജീവനക്കാരും പ്ലാന്‍റിലെ തൊഴിലാളികളും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പുക നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
ശ്വാസം മുട്ട് അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്ന പക്ഷം ജനങ്ങൾക്കാവശ്യമായ പ്രാഥമിക ചികിത്സ നൽകാൻ മുഴുവൻ സർക്കാർ,സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.ശ്വസന സംബന്ധമായഅസ്വസ്ഥതകൾ നേരിട്ടാൽ ചികിത്സ തേടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളിൽ സംശയ നിവാരണത്തിനായി 0484- 2373616, 23537 11 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം