എറണാകുളം: ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി സ്ത്രീകളെ നരബലി നടത്തുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. പ്രതി ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ലയിലെ ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ദമ്പതികളുടെ വീട്ടിൽ വച്ചാണ് നരബലി നടന്നത് എന്നാണ് പ്രതി മൊഴി നൽകിയത്. ഇലന്തൂരിലേത് ക്രൂരമായ കൊലപാതകമാണെന്നാണ് മനസിലാക്കുന്നത്. ഒരു കൊലപാതകം ജൂണിലും രണ്ടാമത്തേത് സെപ്‌റ്റംബറിലുമാണ് നടന്നത്.
കേരളത്തിലെ നരബലി: സാമ്പത്തിക ലാഭത്തിന് വേണ്ടി കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മുൻപും കൊലപാതകം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഈ സംഭവത്തിന് പിന്നിൽ മറ്റു പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് കമ്മിഷണർ പറഞ്ഞു. ദമ്പതികൾക്ക് വേണ്ടിയാണ് രണ്ട് കൊലപാതകവും നടത്തിയത്. മുഖ്യപ്രതി ഷാഫിയെന്ന റഷീദിന് മറ്റു ജോലികൾ ഒന്നും ഇല്ല. പണത്തിനു വേണ്ടിയാണ് ഷാഫി സ്ത്രീകളെ എത്തിച്ചത്.
സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌താണ് സ്ത്രീകളെ കൊണ്ടുപോയത്. ഷാഫി എന്ന റഷീദിന്‍റെ അറസ്റ്റ് കടവന്ത്ര പൊലീസ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തും. നരബലി മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നും അന്വേഷിക്കുമെന്നും ഈ കേസിന് പിന്നിൽ നിരവധി കാര്യങ്ങൾ ഉണ്ടെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകില്ലെന്നും ഇത് അസാധാരണ സംഭവമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പ്രതി ഷാഫിയുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.