ബിജെപിയുടെ ക്രിസ്‌തുമസ് സ്നേഹയാത്രയ്ക്ക് തുടക്കം എറണാകുളം: ബി.ജെ.പിയുടെ ക്രിസ്‌മസ് സ്നേഹയാത്രയ്ക്ക് കൊച്ചിയിൽ തുടക്കം (BJP's Christmas Sneha yathra. ഇതിന്‍റെ ഭാഗമായി സിറോ മലബാർ സഭയുടെ മുൻ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയെ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ സന്ദർശിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽവച്ചായിരുന്നു സ്നേഹയാത്രയ്ക്ക് തുടക്കം കുറിച്ചുള്ള കൂടിക്കാഴ്‌ച.
സ്നേഹയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചതായി കെ.സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് സന്ദേശം ജോർജ് ആലഞ്ചേരിയെ അറിയിച്ചു. തിരികെ എല്ലാ ആശംസകളും ജോർജ് ആലഞ്ചേരിയും അറിയിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രിയുടെ സന്ദേശവുമായി ബി ജെ പി പ്രവർത്തകർ ക്രിസ്‌തീയ വിശ്വാസികളുടെ വീടുകൾ സന്ദർശിക്കും. ഈ സ്നേഹയാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. ഇസ്റ്ററിനോട് അനുബന്ധിച്ച് എല്ലാ വീടുകളും സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ പത്ത് ദിവസമെടുത്ത് എല്ലാ വീടുകളിലും ബിജെപി പ്രവർത്തകർ സന്ദർശനം നടത്തും. പരസ്‌പര ഐക്യം ഊട്ടി ഉറപ്പിക്കുകയാണ് സ്നേഹ യാത്രയുടെ ലക്ഷ്യമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കൂടെ നിർത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബി.ജെ.പി പത്ത് ദിവസം നീളുന്ന ക്രിസ്‌മസ് സ്നേഹ യാത്ര സംഘടിപ്പിക്കുന്നത്. ക്രിസ്‌തീയ പുരോഹിതൻമാരെയും വിശ്വാസികളെയും വീടുകളിലും, അരമനകളിലും നേരിട്ടെത്തിയാണ് ബി ജെ പി നേതാക്കൾ ആശംസകൾ അറിയിക്കുക. നേരത്തെ ഈസ്റ്ററിനോട് അനുബന്ധിച്ചും സമാന രീതിയിൽ ബി.ജെ.പി നേതാക്കൾ സംസ്ഥാനത്തെ ക്രിസ്‌തീയ ഭവനങ്ങൾ സന്ദർശിച്ചിരുന്നു.
ഇതിന് വലിയ സ്വീകാര്യത ലഭിച്ചുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ് ക്രിസ്‌മസ് സ്നേഹയാത്ര സംഘടിപ്പിച്ചത്. മണിപ്പൂർ കലാപമുൾപ്പടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ ക്രിസ്‌തുമത വിശ്വാസികളിൽ നിന്നും പുരോഹിതൻമാരിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഒരു മഞ്ഞുരുകൽ കൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ആശംസകളുമായി വിശ്വാസികളെ നേരിൽ കാണുന്നത്.
എന്നാൽ ഇതിനോട് എത്രമാത്രം അനുകൂലമായ സമീപനമാണ് വിശ്വാസികൾ സ്വീകരിക്കുകയെന്നതില്‍ സംശയമുണ്ട്. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ കെ.സുരേന്ദ്രൻ എത്തിയ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ സഭാനേതൃത്വം അനുവദിച്ചിരുന്നില്ല.