എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാറിനെതിരെ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി. ഇന്ന് കൊച്ചിയിൽ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് പ്രോട്ടോക്കോൾ പാലിച്ച് സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് സി പി എമ്മുമായി ഒത്തുതീർപ്പിലെത്തിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് സമരം നിർത്തിവെച്ചത്. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്മ ഇല്ല. സ്വാഭാവിക കാലതാമസമാണ് ഉണ്ടായത്.
സ്വർണ്ണക്കടത്ത് കേസിൽ സർക്കാറിനെതിരെ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി - k surendran bjp
കോൺഗ്രസ് സി പി എമ്മുമായി ഒത്തുതീർപ്പിലെത്തിയെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
പാർട്ടി കേന്ദ്ര പുന:സംഘടനയമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെന്നത് മാധ്യമ സൃഷ്ട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ചു. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതിന് മുന്‍പ് നല്‍കിയ ഉറപ്പ് പാലിക്കാത്തതിലുള്ള പ്രതിഷേധവും കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. പുനഃസംഘടനയില്‍ കൃഷ്ണദാസ് പക്ഷം തഴയപ്പെടുന്നുവെന്നാണ് ഈ വിഭാഗത്തിന്‍റെ പരാതി. കോര്‍ കമ്മിറ്റിയില്‍ നിന്നൊഴിവാക്കപ്പെട്ട ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ പുനഃസംഘടനയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് നേതാക്കളില്‍ ചിലര്‍ യോഗത്തിനെത്താതിരുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ വിശദീകരണം. കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ട കൃഷ്ണദാസ് പക്ഷത്തിന്‍റെ പരാതി പരിഗണിക്കാമെന്ന സൂചനയാണ് ദേശീയ പ്രതിനിധിയില്‍ നിന്നുണ്ടായത്. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന കര്‍ശന നിര്‍ദേശവും കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ചു.