എറണാകുളം:പാലത്തായി പീഡനകേസിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിക്കളയണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. ഇരയായ പെൺകുട്ടിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിയ അന്വേഷണ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
പാലത്തായി പീഡനകേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിക്കളയണമെന്ന് ബെന്നി ബെഹനാൻ - rape case
പ്രതിക്ക് ജാമ്യം ലഭിക്കാൻ പെൺകുട്ടിക്കെതിരെ ആരോപണങ്ങൾ കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം
പ്രതിക്ക് ജാമ്യം ലഭിക്കാൻ പെൺകുട്ടിക്കെതിരെ ആരോപണങ്ങൾ കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം. നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച നരാധമന്മാരെ സംരക്ഷിക്കാനാണ് ക്രൈം ബ്രാഞ്ചും പൊലീസും ഒത്തുകളിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയെ തേജോവധം ചെയ്യുന്ന നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് നിന്ദ്യവും ക്രൂരവുമായ നടപടിയാണ്. പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി എടുക്കുകയാണ് വേണ്ടതെന്നും ബെന്നി ബെഹനാൻ പറഞ്ഞു. പെൺകുട്ടിക്ക് നീതി നിഷേധിക്കാനാണ് കേസിന്‍റെ തുടക്കം മുതൽ പൊലീസ് ശ്രമിക്കുന്നതെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു.