എറണാകുളം: ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ട നിലപാടിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. ടൈറ്റാനിയം കേസ് മാത്രമല്ല അത്തരത്തിലുള്ള എല്ലാ കേസുകളും സി.ബി.ഐക്ക് വിടണം. പാലാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ട നിലപാട് കാണിച്ച് പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ തീരുമാനം; സ്വാഗതം ചെയ്യുന്നുവെന്ന് ബെന്നി ബെഹനാൻ
രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടക്കുന്ന ഫാസിസ്റ്റ് നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയെ പോലെ രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടക്കുന്ന ഫാസിസ്റ്റ് നിലപാടാണ് പിണറായി വിജയനും ഇപ്പോൾ സ്വീകരിക്കുന്നത്. പാലാ തെരഞ്ഞെടുപ്പിനെ ശക്തമായി തന്നെ യു.ഡി.എഫ് നേരിടും. പാലായിൽ യു.ഡി.എഫിനായി മത്സരിക്കുന്നത് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി തന്നെയാണ്. ചിഹ്നം സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അത് കേരള കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നം മാത്രമാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ വിജയം നൂറ് ശതമാനം ഉറപ്പാണെന്നും നാളെ നടക്കുന്ന യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ ജോസഫ് പങ്കെടുക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.