'വാട്‌സപ്പിലൂടെ നടത്തിയ പുനഃസംഘടന പ്രഖ്യാപനം ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ല'; കെപിസിസി നേതൃത്വത്തിനെതിരെ ബെന്നി ബെഹന്നാന്‍ എറണാകുളം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ബെന്നി ബെഹനാൻ എംപി. അർധരാത്രി വാട്‌സ്‌ആപ്പിലൂടെ നടത്തിയ പുനഃസംഘടന പ്രഖ്യാപനം ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലന്ന് ബെന്നി ബെഹനാൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസിൽ രൂപപ്പെട്ട ഐക്യത്തിന് മങ്ങൽ എല്‍പ്പിക്കുന്നതാണ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനം. സമവായമെന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണ്. അത് കൊണ്ടാണ് കെ.പി.സി.സി പ്രസിഡന്‍റിനെ തെരെഞ്ഞെടുക്കുന്ന വേളയിൽ തീരുമാനമെടുക്കാൻ പ്രമേയത്തിലൂടെ ഐഐസിസിയെ ചുമതലപ്പെടുത്തിയത്'.
സമവായം കണ്ടെത്തണമെന്ന് എഐസിസി: 'താഴെ തട്ടിലും സമവായത്തിന്‍റെ അന്തരീക്ഷം നിലനിർത്തണമെന്നാണ് എഐസിസി ആഗ്രഹിച്ചത്. കേരളത്തിലെ കോൺഗ്രസിന്‍റെ എല്ലാ തലങ്ങളിലുമുണ്ടായ ചർച ഇതാണ്. പുനഃസംഘടന നീണ്ടു പോയപ്പോൾ എംപിമാർ കെപിസിസി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും എല്ലാവരുമായി ചർച്ച ചെയ്‌ത് താഴെക്കിടയിലുള്ള പുനഃസംഘടനയിൽ തീരുമാനമെടുക്കണമെന്നാണ്'.
'തെരഞ്ഞെടുപ്പായിരുന്നുവെങ്കിൽ ചർച്ചയുടെ ആവശ്യമില്ലായിരുന്നു. സമവായം ആകുമ്പോൾ എല്ലാവരുമായി ചർച്ച ചെയ്യുമ്പോഴാണ് സമവായത്തിൽ എത്താനാവുകയെന്നു ബെന്നി ബെഹനാൻ ചൂണ്ടിക്കാണിച്ചു. വയനാട്ടിൽ വച്ച് നടത്തിയ ചർച്ചയിലും ബന്ധപ്പെട്ട മുതിർന്ന നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്താൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു'.
'ഞങ്ങൾ പ്രതീക്ഷിച്ചത് ആ തീരുമാനം നടപ്പിലാക്കുമെന്നായിരുന്നു. പക്ഷെ നിർഭാഗ്യകരമായി കഴിഞ്ഞ ദിവസം അർധരാത്രി 12 മണിക്ക് വാട്‌സ്‌ആപ്പിലൂടെയായിരുന്നു കേരളത്തിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പട്ടിക ലഭിച്ചത്. ഈ പ്രഖ്യാപനം വളരെ നിരാശജനകമായിരുന്നുവെന്നും ഞങ്ങളെ പോലുള്ള ആളുകളെ അത്ഭുതപ്പെടുത്തുന്നതാണെന്നും', അദ്ദേഹം പറഞ്ഞു.
നേതാക്കളെ കണ്ടത് വാട്‌സ്‌ആപ്പിലൂടെ: 'അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങളുമായി സംസാരിക്കുമെന്ന് കരുതിയെങ്കിലും ഈ സമയം വരെ ആരും സംസാരിച്ചിട്ടില്ല. കേരളത്തിലെ എംപിമാർ ജനപ്രതിനിധികൾ മാത്രമല്ല പാർട്ടിയുടെ ഉത്തരവാദപ്പെട്ട ചുമതലകൾ വഹിച്ചവരാണ്. തീരുമാനമെടുക്കേണ്ട നേതാക്കളുമായി ബന്ധപ്പെട്ടപ്പോഴും നിങ്ങളുമായി സംസാരിച്ച ശേഷം മാത്രമേ അന്തിമ പട്ടിക പ്രഖ്യാപിക്കൂവെന്നായിരുന്നു'.
'എന്നാൽ, സംസാരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല പട്ടിക വാട്‌സ്‌ആപ്പിലൂടെയാണ് കണ്ടതെന്നും ബെന്നി ബെഹനാൻ വിമർശിച്ചു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടവർ തന്നെയാണ് ഈ തീരുമാനമെടുക്കുന്നത്. ഇപ്പോൾ ഒരോരുത്തരെ അടർത്തിയെടുത്ത് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്'.
'അഖിലേന്ത്യ നേതൃത്വത്തെ തങ്ങളുടെ പരാതി അറിയിച്ചിട്ടുണ്ട്. തങ്ങളെ വിശ്വാസത്തിലെടുക്കാത്ത നേതൃത്വത്തോട് സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന് ചർച്ച നടത്തി തീരുമാനമെടുക്കും. ഇനി കെ.പി.സി.സി പ്രസിഡന്‍റുമായി ചർച്ച നടത്തേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല'.
കര്‍ണാടക മാതൃക മുന്നില്‍ നിര്‍ത്തി വിമര്‍ശനം: 'കാരണം ഞങ്ങൾക്ക് പ്രതിഷേധം ഉണ്ടെന്ന് അറിഞ്ഞിട്ട് പോലും ഇതുവരെ സംസാരിക്കാൻ തയ്യാറാവാത്തത് തങ്ങളെ വിശ്വാസത്തിൽ എടുക്കാത്തത് കൊണ്ടാണ്. കെ.കരുണാകരനും, എ.കെ.ആന്‍റണിയുമൊക്കെ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ എല്ലാവരുമായും സംസാരിച്ചിരുന്നു. എന്നാൽ കരുണാകരനും, ആന്‍റണിയുമല്ലല്ലോ ഇപ്പോഴത്തെ നേതാക്കളെന്നും' ബെന്നി ബെഹനാൻ പരിഹസിച്ചു.
'എല്ലാവരെയും ഒരുമിച്ച് നിർത്തണമെന്ന കർണാടക മാതൃകയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ പുതിയ ഗ്രൂപ്പ് വീണ്ടും സജീവമാകുമെന്നും ബെന്നി ബെഹനാൻ മുന്നറിയിപ്പ് നൽകി. ഉമ്മൻ ചാണ്ടിയുടെ മനസ് അറിയേണ്ട ഉത്തരവാദിത്തം തീരുമാനം എടുത്ത നേതാക്കൾക്ക് ഉണ്ടായിരുന്നുവെന്നും' അദ്ദേഹം പ്രതികരിച്ചു.