എറണാകുളം : ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കറോടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്‍റെ സുഹൃത്ത് വഫ ഫിറോസിനെതിരായ, മദ്യപിച്ച് വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്‌തമായ വസ്‌തുതകൾ കേസിലുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി, പ്രാഥമികമായ മറ്റ് തെളിവുകള്‍ പരിഗണിക്കുമ്പോള്‍ പ്രതി മദ്യപിച്ചുകൊണ്ടാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചു.
മെഡിക്കൽ പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്‍റെ അംശം ഇല്ലെന്ന കാരണത്താൽ മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ശ്രീറാമിനെതിരെ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. 2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് കെ എം ബഷീർ മരിച്ചത്.
പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വ്യക്‌തമാക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ, ലഹരിയുടെ അളവ് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഇല്ലാത്തത് സെക്ഷൻ 304 പ്രകാരം കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ല. ഒന്നാം പ്രതി മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രഥമദൃഷ്ട്യാ അനുമാനിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്‍റെ അംശമില്ലെന്നും അതിനാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുമുള്ള ശ്രീറാമിന്‍റെ വാദത്തിന് മറുപടിയായിട്ടാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.