എറണാകുളം:വനപാലകരുടെ ചുംബനങ്ങൾ ഏറ്റുവാങ്ങി കുട്ടി കുറുമ്പൻ വടാട്ടുപാറയിൽ നിന്നും വയനാട്ടിലേ മുത്തങ്ങ ആന വളർത്തൽ കേന്ദ്രത്തിലേക്ക് യാത്ര തിരിച്ചു. തന്നെ പരിപാലിച്ച വനപാലകർക്കൊപ്പമാണ് കുട്ടികുറുമ്പൻ മുത്തങ്ങയിലേക്ക് പോയത്.
റെയ്ഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഡോക്ടർ ആക്ടി ജോർജ്, വനപാലകരായ അജേഷ്, വിനീത് വിജയൻ, ജോണി ,ആനയെ തുടക്കം മുതൽ പരിചരിക്കാൻ നിന്ന താൽക്കാലിക വാച്ചർ സജി, കോടനാട് ആന വളർത്തൽ കേന്ദ്രത്തിലെ പാപ്പാനായ സുബ്രഹ്മണ്യൻ എന്നിവരാണ് ആനക്കുട്ടിക്കൊപ്പം പോയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിർത്തി ആഹാരവും ഭക്ഷണവും നൽകി വിശ്രമത്തിനു ശേഷം യാത്ര തുടരും.
അമ്മ എത്തിയില്ല; കുട്ടിക്കുറുമ്പൻ ഇനി മുത്തങ്ങയിലേക്ക് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വടാട്ടുപാറ പലവൻ പുഴയുടെ സമീപം നാട്ടുകാർ കാട്ടാന കുട്ടിയെ കണ്ടെത്തിയത്. കാട്ടാന കുട്ടിയെ തേടി അമ്മ വരുമെന്ന പ്രതീക്ഷയിൽ ഒരാഴ്ചക്കാലം താൽക്കാലിക കൂട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.ആനക്കയം ഫോറസ്റ്റ് ക്യാംപ് ഷെഡിനു സമീപം മരക്കൊമ്പുകൾ കൊണ്ട് താത്ക്കാലിക വേലിയാണ് നിർമിച്ചിരുന്നത്. അമ്മയടങ്ങുന്ന സംഘമെത്താൻ സാധ്യതയുണ്ടെന്നും താത്ക്കാലിക വേലി കെട്ടു തകർത്തു കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകർ.
ഇതിന് മുൻപും നാട്ടുകാർ ആനക്കുട്ടിയെ പരിസരങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ സാധാരണ കാട്ടാനകൾ ഇറങ്ങുന്ന പ്രദേശമായതിനാൽ മറ്റ് ആനകൾ കാണുമെന്ന് കരുതി ഇത് കാര്യമായി എടുത്തിരുന്നില്ല. ശനിയാഴ്ച വൈകിട്ട് വീണ്ടും ആന കുട്ടി ഒറ്റക്ക് അലഞ്ഞു നടക്കുന്നതു കണ്ടതോടെയാണ് നാട്ടുകാർ തുണ്ടം റെയ്ഞ്ച് ഓഫീസിൽ വിവരംഅറിയിച്ചത്. ഒരാഴ്ചക്കാലം മരുന്നും ഭക്ഷണവും നൽകി വനപാലകർ ആന കുട്ടിയെ പരിപാലിച്ചിരുന്നു.