എറണാകുളം:ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2 ന്‍റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. അവതാർ 2 പ്രദർശിപ്പിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റർ കലക്ഷൻ തുകയുടെ 60 ശതമാനം ചിത്രത്തിന്‍റെ നിർമാതാക്കാൾ ആവശ്യപ്പെടുന്നതാണ് കാരണം.
നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമല്ലാതെ വരുന്ന ഒരു ചിത്രവും തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് സംഘടനയുടെ നിലപാടെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കോർപ്പറേറ്റുകളുടെ വായിൽ തല വച്ച് കൊടുക്കാനാവില്ല. കലക്ഷൻ്റെ 60 ശതമാനം നൽകണം എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന ആവശ്യമാണിതെന്നും ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു.
നിലവിൽ തിയേറ്റര്‍ കലക്ഷന്‍ തുകയുടെ 50 ശതമാനമാണ് ചിത്രത്തിന്‍റെ നിര്‍മാതാവിന് നൽകി വരുന്നത്. എന്നാല്‍ അവതാര്‍ 2 നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത് കലക്ഷന്‍റെ 60 ശതമാനമാണ്. ഒരു കാരണവശാലും ഇത്രയും വലിയ തുക നല്‍കാനാവില്ലെന്നും ഫിയോക്ക് ഭാരവാഹികൾ അറിയിച്ചു.
അതേസമയം അവതാര്‍ നിര്‍മാതാക്കളുമായി ചര്‍ച്ചക്ക് തയാറാണെന്നും ഫിയോക് അറിയിച്ചു. എന്നാല്‍ 60 ശതമാനം വേണമെന്നതിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്ത പക്ഷം അവതാര്‍ 2 ഫിയോക്കിന് കീഴിലുള്ള 400 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ വിജയകുമാര്‍ വ്യക്തമാക്കി.
ഇപ്പോൾ തമിഴ്‌നാട് ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും കലക്ഷന്‍ തുകയുടെ 50 ശതമാനം നിര്‍മാതാവിന് എന്നതാണ് വ്യവസ്ഥ. മാത്രമല്ല മലയാള ചിത്രങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കലക്ഷന്‍ തുകയുടെ 30 മുതല്‍ 40 ശതമാനം വരെ മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ അവതാര്‍ 2 അറുപത് ശതമാനം ആവശ്യപ്പെടുന്നത് തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുമെന്നും ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു.
ജെയിംസ് കാമറൂൺ ചിത്രം അവതാറിന്‍റെ തുടർച്ചയാണ് അവതാർ 2. ഡിസംബര്‍ 16നാണ് അവതാര്‍ 2 റിലീസ് ചെയുന്നത്. 2009ൽ റിലീസ് ചെയ്‌ത അവതാർ ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് തിയേറ്ററിലെത്തേണ്ട അവതാർ 2 ന്‍റെ റിലീസ് കൊവിഡിനെത്തുടർന്ന് വൈകുകയായിരുന്നു.