എറണാകുളം : അട്ടപ്പാടി മധു വധക്കേസില്‍ (Attappadi Madhu Murder Case) ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി (Grief Petition) നല്‍കി മധുവിന്‍റെ അമ്മ (Madhu Murder Case Grief Petition in High Court). കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇത് തടയണമെന്നുമാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ ഹര്‍ജിയില്‍ മധുവിന്‍റെ മാതാവ് മല്ലിയമ്മയുടെ ആവശ്യം. കേസില്‍ മധുവിന്‍റെ കുടുംബമോ സമരസമിതിയോ അറിയാതെ അഡ്വ. കെപി സതീശനെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെയാണ് സങ്കട ഹര്‍ജി (Attappadi Madhu Murder Case Grief Petition).
കേസില്‍ അഡ്വ. ജീവേഷ്, അഡ്വ. രാജേഷ് എം മേനോന്‍, അഡ്വ. സികെ രാധാകൃഷ്‌ണന്‍ എന്നിവരെ ഹൈക്കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നായിരുന്നു മധുവിന്‍റെ കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ഉന്നയിച്ച് മധുവിന്‍റെ മാതാവ് നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ആയിരുന്നു സര്‍ക്കാര്‍ ഏകപക്ഷീയമായി അഡ്വ. കെ പി സതീശനെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതെന്നും ആരോപണമുണ്ട്.
ഇക്കാര്യത്തിലും ഹൈക്കോടതിയുടെ ഇടപടെല്‍ കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് സങ്കട ഹര്‍ജി. ശിക്ഷാവിധി ചോദ്യം ചെയ്‌തുകൊണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികളും ഇവരുടെ ശിക്ഷ വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.
കേസിലെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 1,18,000 രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്. ഒന്നാം പ്രതിയായ മേച്ചേരിയില്‍ ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും 1,0500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 16-ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
റിമാന്‍ഡ് കാലയളവില്‍ മുനീര്‍ ജയില്‍ ശിക്ഷ അനുഭവിച്ചതുകൊണ്ട് ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി കെ എം രതീഷ് കുമാറായിരുന്നു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രതികള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നുമായിരുന്നു കോടതി വിധി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ (IPC) 326, 367 പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമത്തിലെ 31ഡി തുടങ്ങിയ ഉയര്‍ന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തിയായിരുന്നു കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.