എറണാകുളം: കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചായിരുന്നു വിദ്യാർഥികളുടെ സംയുക്ത പ്രതിഷേധം. കുസാറ്റിലെ എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് വിദ്യാർഥികളുടെ ആരോപണം. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് വിസി ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർഥികൾ
കുസാറ്റിലെ എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് വിദ്യാർഥികളുടെ ആരോപണം.
നാലാം വർഷ ഇൻസ്ട്രമെന്‍റേഷൻ വിദ്യാർഥി ആസിൽ അബൂബക്കറിന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് പരുക്കേറ്റ വിദ്യാർഥിയും എസ്എഫ്ഐ നേതാക്കളും തമ്മിൽ വക്കേറ്റമുണ്ടായത്. ഇതിനെ തുടർന്നാണ് മർദിച്ചതെന്നാണ് ആരോപണം.
പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെണ നിലപാടിലാണ് വിദ്യാർഥികൾ. സർവകലാശാല തല അച്ചടക്ക നടപടിക്ക് പുറമേ സംഘടനാ തല നടപടിയും വേണമെന്ന ആവശ്യവും വിദ്യാർഥികൾ ഉന്നയിക്കുന്നു.