എറണാകുളം:വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ചൊവ്വാഴ്ച രാത്രി രണ്ട് വിമാനങ്ങളിലായി കൊച്ചിയിലെത്തിയത് 320 പ്രവാസികൾ. യാത്രക്കാരിൽ ഒരാളെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോലാലംപൂർ, ദമാം എയർപോർട്ടുകളിൽ നിന്നാണ് എയർ ഇന്ത്യ വിമാനങ്ങൾ യാത്രക്കാരെ കൊച്ചിയിലെത്തിച്ചത്. കോലാലംപൂർ- കൊച്ചി വിമാനത്തിൽ (AlIX 683) 178 യാത്രക്കാരാണുണ്ടായിരുന്നത്.
വന്ദേ ഭാരത് മിഷൻ; 320 പ്രവാസികൾ കൊച്ചിയിലെത്തി - വന്ദേ ഭാരത് മിഷൻ
കോലാലംപൂർ, ദമാം എയർപോർട്ടുകളിൽ നിന്നാണ് എയർ ഇന്ത്യ വിമാനങ്ങൾ യാത്രക്കാരെ കൊച്ചിയിലെത്തിച്ചത്
142 പേർ പുരുഷൻമാരും 36 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള ഏഴ് കുട്ടികളും 11 ഗർഭിണികളും നാല് മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. ഇവരിൽ 145 പേരെ വിവിധ കൊവിഡ് കെയർ സെൻ്ററുകളിലും 33 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. യാത്രക്കാരിൽ 29 പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു.
ആലപ്പുഴ-മൂന്ന്, എറണാകുളം-13,ഇടുക്കി - ഒന്ന്,കണ്ണൂർ - 18, കാസർകോട് - 13,കൊല്ലം - 7,കോട്ടയം - നാല്
കോഴിക്കോട്- 13,മലപ്പുറം - 26,പാലക്കാട് - 10 , പത്തനംതിട്ട -ഒന്ന്,തിരുവനന്തപുരം - 9, വയനാട്- രണ്ട്
എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള യാത്രക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 29 പേരും ഇതേ വിമാനത്തിലുണ്ടായിരുന്നു.
ദമാം- കൊച്ചി വിമാനത്തിൽ (IX 1908) 142 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 55 പേർ പുരുഷൻമാരും 87 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 16 കുട്ടികളും 43 ഗർഭിണികളും രണ്ട് മുതിർന്ന പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു. യാത്രക്കാരിൽ 48 പേരെ വിവിധ കൊവിഡ് കെയർ സെൻ്ററുകളിലും 93 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.