എറണാകുളം:പ്രശസ്‌തകലാസംവിധായകന്‍ കിത്തോ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ (ഒക്‌ടോബര്‍ 18) പത്തരയോടെയായിരുന്നു അന്ത്യം.
1976-ല്‍ എ.ജെ. കുര്യാക്കോസ് നിർമിച്ച 'ഈ മനോഹര തീരം' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച കിത്തോ നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 50 ഓളം സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു. ജയറാമിനെ നായകനാക്കി 'ഉണ്ണികൃഷ്‌ണന്‍റെ ആദ്യത്തെ ക്രിസ്‌മസ്' എന്ന പേരില്‍ സിനിമയും നിര്‍മിച്ചു.
മമ്മൂട്ടി നായകനായി അഭിനയിച്ച 'തച്ചിലേടത്ത് ചുണ്ടന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കിത്തോ അവസാനമായി പ്രവർത്തിച്ചത്. കുറ്റിക്കാട്ട് പൈലിയുടെയും വെറോണിയുടെയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങൾ വരച്ചും ശില്‍പങ്ങൾ നിര്‍മിച്ചും പരിശീലിച്ചിരുന്നു. സ്‌കൂള്‍ പഠനക്കാലത്ത് തന്നെ കൊച്ചിൻ ബ്ലോക്‌സ് എന്ന സ്ഥാപനത്തിലേക്ക് പ്രിൻ്റിങിനായുള്ള ചിത്രങ്ങൾ വരച്ച് നൽകിയായിരുന്നു കിത്തോയുടെ കലാജീവിതത്തിന്‍റെ തുടക്കം.
മഹാരാജാസ് കോളജിൽ പ്രീയൂണിവേഴ്‌സിറ്റി തലത്തിൽ പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. പിൽക്കാലത്ത് സിനിമ മേഖലയിൽ നിന്ന് അകന്ന് നിന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്‌തകങ്ങളിലെ ഇല്ലസ്ട്രേഷനുകളിലേക്കും തിരിഞ്ഞു. കൊച്ചിയിൽ "കിത്തോസ് ആർട്ട് " എന്ന സ്ഥാപനവും ആരംഭിച്ചിരുന്നു. ഭാര്യ ലില്ലി, അനിൽ, അമൽ എന്നിവരാണ് മക്കള്‍.