സിയാല്‍ എംഡി എസ് സുഹാസ് പ്രതികരിക്കുന്നു എറണാകുളം : ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി സിയാൽ. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കും. ഈവർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്‍റാണ് കൊച്ചി വിമാനത്താവളം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്ന് ലക്ഷദ്വീപിൽ നിന്നുമുള്ള തീർഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർഥാടനത്തിനായി യാത്രതിരിക്കുന്നത്.
സിയാലിന്‍റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയത്. 1.3 ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള പന്തൽ, 600 പേർക്ക് ഒത്തുചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർഥന ഹാൾ, 60 ടോയ്‌ലെറ്റുകൾ, 40 ഷവർ റൂമുകൾ, 152 പേർക്ക് ഒരേസമയം അംഗസ്‌നാനം ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫിസ്, പാസ്‌പോർട്ട് പരിശോധന കേന്ദ്രം, ഹജ്ജ് സെൽ ഓഫിസ്, ഹജ്ജ് കമ്മിറ്റി ഓഫിസ് എന്നിവ ക്യാമ്പിൽ സിയാൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷ പരിശോധന സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്‍റെ നിർദേശാനുസരണം ഹാജിമാർക്ക് ഏറ്റവും മികച്ച രീതിയിൽ തീർഥാടന യാത്ര നടത്താനുള്ള സൗകര്യമാണ് സിയാൽ ഹജ്ജ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്‌ടർ എസ്. സുഹാസ് അറിയിച്ചു. ജൂൺ ഏഴിന് തുടങ്ങുന്ന തീർഥാടനത്തിനായി എംബാർക്കേഷൻ പോയിന്‍റിലെ സൗകര്യങ്ങളുടെ അവസാന വട്ട വിലയിരുത്തൽ എസ് സുഹാസ് നടത്തി.
ഇത്തവണ കൊച്ചിയില്‍ നിന്ന് പോകുന്നത് 2407 ഹാജിമാർ :ജൂൺ ഏഴ് മുതൽ 21 വരെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് പ്രത്യേക ഹജ്ജ് സർവീസ് നടത്തുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള 163 തീർഥാടകർ ഉൾപ്പടെ മൊത്തം 2407 ഹാജിമാർ ഇത്തവണ കൊച്ചി വിമാനത്താവളം വഴി ഹജ്ജിനായി പുറപ്പെടും. പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം സിയാൽ വർധിപ്പിച്ചു.
വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്‌ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവ ഏഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര വിമാന സർവീസുകളുടെ എണ്ണം 45 ആയി ഉയരും. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്‌ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ വിമാന സർവീസാണിത്.
സിയാലിന്‍റെയും രാജ്യത്തിന്‍റെ ടൂറിസം വ്യവസായത്തിന്‍റെയും വികസനത്തിന് ഈ പുതിയ സേവനം ഒരു സുപ്രധാന നാഴികക്കല്ലാകും. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിക്കുന്നത്. സിംഗപ്പൂരിലേക്ക് രണ്ട് പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്. ആഴ്‌ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സർവീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സർവീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. 'കേരളത്തിനും വിയറ്റ്‌നാമിനുമിടയിൽ നേരിട്ടുള്ള പുതിയ എയർ റൂട്ട് ആരംഭിക്കുന്നു. ഇത് ടൂറിസം വ്യവസായത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ് ഈ പുതിയ എയർ റൂട്ട് അടയാളപ്പെടുത്തുന്നത്. യാത്രക്കാർക്ക് അവരുടെ വിവിധ ആവശ്യങ്ങൾക്കനുസൃതമായി പശ്ചിമ പൂർവ ഏഷ്യയിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം സിയാൽ സാധ്യമാക്കുന്നു.
മാത്രമല്ല, സാമ്പത്തിക വളർച്ചയ്ക്കും സാംസ്‌കാരിക വിനിമയത്തിനും പുതിയ അവസരങ്ങൾ സൃഷ്‌ടിക്കാൻ ഈ സേവനങ്ങൾ സിയാലിന് സഹായകമാവും' - അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 89.82 ലക്ഷം യാത്രക്കാര്‍ക്ക് സിയാൽ സേവനം ലഭ്യമാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളത്തിന്‍റെ സ്ഥാനം.