എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് രണ്ടാമതും സമർപ്പിച്ച അപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതിയുടെ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി നേരത്തെ അനുവദിച്ച കസ്റ്റഡി പര്യാപ്തമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
അപേക്ഷ തള്ളുന്നത് രണ്ടാം തവണ
രണ്ടാം തവണ പ്രതിയുടെ കസ്റ്റഡി നീട്ടണമെന്ന അപേക്ഷ കോടതി തള്ളിയപ്പോൾ ഇതിനെതിരെ മേൽകോടതികളിൽ അപ്പീൽ നൽകിയില്ല എന്നത് വിധി അംഗീകരിക്കലാണെന്ന പ്രതിഭാഗം വാദവും കോടതി അംഗീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയുടെ മുഖത്ത് അടിച്ചുവെന്ന് കോടതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇത് നിരാകരിക്കുകയാണന്നും കോടതി ചൂണ്ടികാണിച്ചു.
കസ്റ്റംസ് അന്വേഷണത്തിൽ പിഴവ് ചൂണ്ടിക്കാട്ടി കോടതി
തെളിവ് ഇല്ലാതാക്കുന്നതിന് വേണ്ടി പ്രതി ഫോൺ നശിപ്പിച്ചുവെന്ന് തെളിയിക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. തുടരന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വിടേണ്ടതില്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാൽ കസ്റ്റഡി അനുവദിക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാണിച്ചു. ആവശ്യമെങ്കിൽ പ്രതിയെ കോടതിയുടെ അനുമതിയോടെ ജയിലിൽ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
READ MORE:അര്‍ജുന്‍ ആയങ്കിയുടെ കസ്‌റ്റഡി നീട്ടണമെന്ന ആവശ്യം തള്ളി കോടതി
കരിപ്പൂർ സ്വർണക്കടത്ത് നിയന്ത്രിച്ചതും കാരിയർമാർക്ക് ആവശ്യമായ മാർഗനിർദേശം നൽകിയതും അർജുൻ ആയങ്കിയെന്ന് കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ മെബൈൽ ഫോൺ കണ്ടെത്തേണ്ടത് ഈ കേസിൽ അത്യാവശ്യമാണ്. പ്രതിയുടെ സംഘാഗങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നതിന് ഫോൺ പരിശോധിക്കേണ്ടതുണ്ട്.
READ MORE:കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
അതേസമയം അർജുൻ ആയങ്കിയുടെ വീട്ടിൽ പരിശോധ നടത്തിയപ്പോൾ കഴിഞ്ഞ വർഷം മുതൽ ഇയാൾ സ്വർണക്കടത്ത് നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും ടിപി വധക്കേസ് പ്രതി ഷാഫിയും അർജുൻ ആയങ്കിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകളും മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. 12ന് ഷാഫിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെയും ഷാഫിയെയും ഒന്നിച്ച് ചോദ്യം ചെയ്യുന്നതിന് നാല് ദിവസം കസ്റ്റഡിയിൽ വിടണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.