എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പും വ്യാജമെന്ന് സംശയം. ആനക്കൊമ്പ് പരിശോധനയ്ക്ക് അയക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഇതോടൊപ്പം കണ്ടെടുത്ത ചന്ദന ശിൽപ്പങ്ങളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഏതാനും ശംഖുകളും മോൻസൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മോൻസന്‍റെ വീട്ടിലെ ആനക്കൊമ്പ് വ്യാജമെന്ന് സംശയം; പരിശോധനയ്ക്ക് അയക്കാൻ വനം വകുപ്പ് മോൻസൺ മാവുങ്കലിനെതിരെ പരാതിക്കാർ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി ഡിജിറ്റൽ തെളിവുകൾ കൈമാറി. ഷമീർ, യാക്കൂബ്, അനൂപ് എന്നിവരാണ് ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വയനാട്ടിലെ എസ്റ്റേറ്റ് ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് ഒരു കോടി 68 ലക്ഷം രൂപ മോൻസൺ തട്ടിയെടുത്തുവെന്ന് പരാതി നൽകിയ രാജീവിൻ്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അതേസമയം, മോൻസൻ്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിൽ വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ക്രൈംബ്രാഞ്ച് സംഘങ്ങൾ പരിശോധന നടത്തി. ഇയാളുടെ കൈവശമുള്ള ആഡംബര വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും പരിശോധിക്കുന്നതിനായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്.
മോൻസൻ്റെ വീടിനു മുന്നിലുള്ള നെയിം ബോർഡുകളെല്ലാം ക്രൈംബ്രാഞ്ച് നീക്കം ചെയ്‌തു. പ്രവാസി മലയാളി ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ പേരിലുള്ള ബോർഡുകളായിരുന്നു കലൂരിലെ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്നത്. മോൻസണെ ക്രൈം ബ്രാഞ്ച് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. വ്യാഴാഴ്ച മോൻസണെ കോടതിയിൽ ഹാജരാക്കും.
Also Read: പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്‍റെ മിന്നൽ പരിശോധന