കേരളം

kerala

ETV Bharat / state

ആലുവ കൊലപാതകം; പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിത്തുടങ്ങി - പുതപ്പിൽ പൊതിഞ്ഞ് കെട്ടിത്താഴ്ത്തിയ

വായിൽ തുണി തിരുകിയോ കഴുത്തിൽ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം എന്നാണ് പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കൂടുതൽ വ്യക്തതക്കായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

By

Published : Feb 16, 2019, 2:03 PM IST

കൊച്ചി: ആലുവയിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കെട്ടിത്താഴ്ത്തിയ സംഭവത്തിൽ പൊലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാനാരംഭിച്ചു. മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയ സ്ത്രീയും പുരുഷനും തന്നെയാണ് കൊലക്ക് പിന്നിലെന്നുറപ്പിച്ച ശേഷമാണ് പൊലീസിന്‍റെ നടപടി. കടക്കാരന്‍റെ സഹായത്തോടെയാണ് പൊലീസ് ഇവരുടെ രേഖാ ചിത്രം തയ്യാറാക്കുന്നത്.

മൃതദേഹം പുതഞ്ഞ പുതപ്പ് വാങ്ങിയ കട കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കളമശ്ശേരി എച്ച്എംടി കവലയിലെ ഒരു കടയിൽ നിന്നാണ് മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയത്. വെള്ള നിറത്തിലുള്ള പോളോ കാറിൽ നല്ല ഉയരമുള്ള മധ്യവയസ്കനായ പുരുഷനും മുപ്പത് വയസിന് താഴെ പ്രായമുള്ള സ്ത്രീയുമാണ് പുതപ്പ് വാങ്ങാനെത്തിയതെന്നാണ് കടക്കാരന്‍റെ മൊഴി. മൃത​ദേഹം ഉപേക്ഷിക്കാനായി ഇരുവരും ഇതേ കാറിൽ ആലുവ ഭാ​ഗത്ത് ചുറ്റിത്തിരിഞ്ഞതായാണ് വിവരം.

കൊല നടന്നത് ഫെബ്രുവരി ഏഴിനാണെന്നാണ് പൊലീസ് നി​ഗമനം. ഇതിൻപ്രകാരം ആലുവയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പരിശോധിച്ചു വരികയാണ്. എന്നാൽ ആരാണ് കൊല്ലപ്പെട്ടതെന്ന സൂചനയോ, യുവതിയെ കാണാനില്ല എന്ന നിലയിലുള്ള പരാതിയോ പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന്‍റെ ഏക കച്ചിത്തുരുമ്പ്.

25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുളിക്കടവിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


ABOUT THE AUTHOR

...view details