എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Aluva girl rape and murder case) പ്രതി അസ്‌ഫാഖ് ആലത്തിനെതിരായ ശിക്ഷാവിധി (Sentencing) ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ.സോമനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. കേരളം കാത്തിരിക്കുന്ന ശിക്ഷാവിധി ശിശുദിനത്തിൽ പ്രഖ്യാപിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.
ശിശുഘാതകന് ശിശുദിനത്തിൽ തൂക്കുകയർ ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതി അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്ന് ഈ മാസം നാലാം തിയതി കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജും വ്യക്തമാക്കി.
27കാരനായ പ്രതിക്ക് സ്വയം തിരുത്താൻ അവസരം നൽക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ശിക്ഷായിളവിന് പ്രായം മാത്രം ഒരു ഘടകമായി സ്വീകരിക്കാൻ കഴിയില്ലന്ന സുപ്രീം കോടതി വിധിയുൾപ്പടെ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആദ്യം മുതൽ ഉന്നയിച്ചത്. അപൂർവങ്ങളിൽ അപൂർവമെന്ന പരിഗണനയ്‌ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ വാദം പ്രോസിക്യൂഷൻ നടത്തിയിരുന്നു.
പ്രതിയ്‌ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിൽ സുപ്രണ്ടിന്‍റെയും പ്രബോഷണറി ഓഫിസറുടെയും റിപ്പോർട്ടുകളും കോടതിക്ക് കൈമാറിയിരുന്നു. വാദിഭാഗവും കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ട്.