എറണാകുളം:ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നരാധമന് തൂക്കുകയർ. ശിശുദിനത്തിലാണ് ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് (27) എറണാകുളം പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. പോക്സോ അടക്കം 13 വകുപ്പുകളിലായാണ് വധശിക്ഷയും 5 ജീവപര്യന്തവും പിഴയും അടക്കമുള്ള ശിക്ഷാ വിധി. ഇതോടെ പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കേണ്ടിവരും. ഹൈക്കോടതിയുടെ അനുമതി പ്രകാരമാണ് വധശിക്ഷ നടപ്പാക്കേണ്ടത്.
പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധിന്യായം വായിച്ചത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ ക്രൂരകൃത്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി അസ്‌ഫാക്ക് ആലം കുറ്റക്കാരനാണെന്ന് 2023 നവംബർ നാലാം തീയതി കോടതി കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞതോടെയാണ് പ്രതി അസ്‌ഫാക്ക് ആലത്തിന് പരമാവധി ശിക്ഷ തന്നെ വിധിച്ചത്.
കേസ് അപൂർവ്വങ്ങളിൽ അപൂർവം: ഇരുപത്തിയേഴുകാരനായ പ്രതിക്ക് തിരുത്താൻ അവസരം നൽക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതിയുടെ മുൻകാല ചരിത്രവും സുപ്രീം കോടതിയുടെ വിധിന്യായങ്ങളും നിരത്തി ഈ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആദ്യം മുതൽ ഉന്നയിച്ചത്. അപൂർവ്വങ്ങളിൽ അപൂർവമെന്ന പരിഗണനയ്ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനനത്തിൽ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.
പ്രതിയ്ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. പ്രതിയുടെ മാനസികാരോഗ്യ നിലയെപ്പറ്റിയടക്കമുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിൽ സൂപ്രണ്ടിന്‍റെയും പ്രൊബേഷണറി ഓഫീസറുടെയും റിപ്പോർട്ടുകളും കോടതിക്ക് കൈമാറിയിരുന്നു. വാദിഭാഗവും തങ്ങൾക്ക് കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകിയിരുന്നു. ഇതും കോടതി പരിഗണിച്ചു.
ഇരയായ കുട്ടിയുടെ മാതാപിതാക്കൾ ശിക്ഷാവിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാർ ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിരവധി മാധ്യമ പ്രവർത്തകരും, അഭിഭാഷകരും നിയമ വിദ്യാർത്ഥികളും വിധി പ്രഖ്യാപനം നേരിട്ട് കേൾക്കാൻ കോടതിയിലെത്തി.
നൂറാം ദിവസം വിധി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, ശാസ്ത്രീയമായ തെളിവുകളും ഉൾപ്പടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
പ്രതിക്കെതിരെ ചുമഴ്ത്തിയത് പതിനാറ് വകുപ്പുകൾ: പ്രതിയായ അസ്‌ഫാക്ക് ആലത്തിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും ഉൾപ്പടെ പതിനാറ് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്‌തു. 2023 ജൂലൈ ഇരുപത്തിയെട്ട് വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യം കുടുപ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ പൊതിഞ്ഞ് ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.