എറണാകുളം: ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷവും പിതൃക്കൾക്ക് മോക്ഷം തേടിയള്ള ബലിതർപ്പണ ചടങ്ങുകളും പുരോഗമിക്കുന്നു. ചൊവ്വാഴ്‌ച പുലർച്ചെ ആരംഭിച്ച ചടങ്ങുകൾ ബുധനാഴ്‌ച രാവിലെ വരെ തുടരും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നൂറ് കണക്കിനാളുകളാണ് ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തിയത്.
പിതൃസ്‌മരണയിൽ ആലുവ മണപ്പുറം; ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നു കൊവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോക്കോളും പാലിച്ചാണ് ബലിതർപ്പണം നടക്കുന്നത്. 148 ബലിത്തറകളാണ് ഇത്തവണ സജ്ജീകരിച്ചത്. ഇത്തവണ രാത്രിയിൽ ബലിയിടുന്നതിനും പെരിയാറൽ മുങ്ങി കുളിക്കുന്നതിനും തടസമില്ല. ഭക്തജനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമില്ല.
ശക്തമായ സുരക്ഷ സംവിധാനമാണ് പൊലീസ് ഒരുക്കിയത്. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നു. പെരിയാറിൽ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ധരെയും വിന്യസിച്ചിട്ടുണ്ട്.
മണപ്പുറത്തെ ശിവരാത്രി ചടങ്ങുകൾ പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച വെളുപ്പിനുമാണ് അധിക സര്‍വീസുകള്‍. ചൊവ്വാഴ്‌ച രാത്രി 11 മണിക്ക് പേട്ടയില്‍ നിന്ന് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. മാർച്ച് രണ്ടിന് വെളുപ്പിന് 4.30 മുതൽ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയിലേക്ക് സര്‍വീസ് നടത്തും.
Also Read: യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ