എറണാകുളം : ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ (Aluva child Rape Case) മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണെന്നും ഇവരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം കേസിൽ പിടിയിലായ മുഖ്യ പ്രതി ക്രിസ്റ്റൽ രാജിനെ (27) കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കസ്റ്റഡിയിലെടുത്ത പ്രതികളുടെ പങ്ക് കണ്ടെത്താൻ ക്രിസ്റ്റൽ രാജിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്‌തമാക്കി. ക്രിസ്റ്റൽ രാജിനെ നാളെ പൊലീസ് കോടതിയിൽ ഹാജരാക്കും. എറണാകുളം പോക്‌സോ കോടതിയിലാണ് ഇയാളെ ഹാജരാക്കുക.
ഏഴ് ദിവസം കൂടി പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ക്രിസ്റ്റൽ രാജ് നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. ഏഴ് വർഷം മുമ്പ് മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇതിന് പിന്നാലെയാണ് പ്രതി കൊച്ചിയിലെത്തി സന്തോഷെന്ന വ്യാജ പേരിൽ കഴിഞ്ഞത്. ചില്ലറ ജോലികളും ചെറിയ മോഷണങ്ങളുമായിരുന്നു പ്രതിയുടെ രീതി.
ALSO READ :Aluva Rape Accused Remanded ആലുവയിലെ പീഡനം; പ്രതി റിമാന്‍ഡില്‍, ഏഴ് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ട് പൊലീസ്
സെപ്‌റ്റംബർ ഏഴിന് പുലർച്ചെ 2.15 മണിയോടെയാണ് അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ക്രിസ്‌റ്റൽ രാജ് വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. മോഷണ ശ്രമത്തിനായാണ് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുറന്നിട്ട ജനൽ വഴി വാതിൽ തുറന്നാണ് പ്രതി അകത്തു കടന്നത്. തുടർന്ന് അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയാണ് പ്രതി പെൺകുട്ടിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ഇയാൾ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ സമീപത്തുള്ള വയലിൽ നിന്ന് കണ്ടെത്തിയത്. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അമ്മ അറിഞ്ഞിരുന്നില്ല.
ALSO READ :Aluva Rape Eyewitness's Reaction : 'ജനലിലൂടെ നോക്കിയത് കുട്ടിയുടെ നിലവിളി കേട്ട്, പിന്നാലെ തെരച്ചിൽ'; ആലുവ സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷി
പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. കുട്ടിയുടെ നില തൃപ്‌തികരമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മന്ത്രി പി രാജീവ് ഇന്ന് കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് കുടുംബത്തിന് ഒരു ലക്ഷം രൂപ പ്രാഥമിക സഹായമായി നൽകിയിരുന്നു.