കേരളം

kerala

ETV Bharat / state

Aluva Murder| 'പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്'; 5 വയസുകാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലുവ സംഭവത്തില്‍, കളമശേരി മെഡിക്കൽ കോളജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്

Aluva Rape Case  Aluva minor girl Rape Case postmortem report  Aluva minor girl Rape Case postmortem  postmortem report Ernakulam
Aluva Rape Case

By

Published : Jul 29, 2023, 10:31 PM IST

എറണാകുളം:ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. പൊലീസിന് നൽകിയ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ്, പീഡനം നടന്നതായി വ്യക്തമാക്കുന്നത്. പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും കയറോ ചരടോ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴുത്തിലും ശരീരത്തിലും മുറിവുകളുണ്ട്. ആന്തരികാവയങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിച്ചാലായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരിക. രണ്ട് മണിക്കൂര്‍ സമയം കൊണ്ടാണ് കളമശേരി മെഡിക്കൽ കോളജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. കളമശേരി മെഡിക്കൽ കോളജിൽ സുക്ഷിക്കുന്ന മൃതദേഹം രാവിലെ പത്തരയോടെ കീഴ്‌മാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും.

അതേസമയം, പ്രതിയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ നാളെ(ജൂലൈ 30) ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് പിന്നിൽ നിലവിൽ പിടിയിലായ അസ്‌ഫാക് ആലത്തെ കൂടാതെ മറ്റാരെങ്കിലും പിന്നിലുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് ഐപിഎസ് പറഞ്ഞു.

'പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കും':ആലുവയിൽ പ്രതി എത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്ന് ഡിഐജി പറഞ്ഞു. കുട്ടിയുടെ മൃതശരീരത്തിൽ പരിക്കുകൾ ഉണ്ട്. കൊല നടത്തിയതിനെക്കുറിച്ച് പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കും. മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള പ്രചോദനം അന്വേഷിക്കും. പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ബിഹാർ പൊലീസിനോട് ഇയാളുടെ പശ്ചാത്തലം അന്വേഷിക്കും. അസ്‌ഫാക് മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ കുഴിച്ചിട്ട്, പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിയിട്ട്, മൂന്ന് കല്ല് ചുറ്റിലും വച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ഡിഐജി വിശദീകരിച്ചു.

ALSO READ |Video | 5 വയസുകാരിയുടെ കൊലപാതകം: പ്രതിയ്‌ക്കെതിരെ വൈകാരികമായി പ്രതികരിച്ച് നാട്ടുകാര്‍

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തെ പൊലീസ് പിടികൂടുകയും കുട്ടിയ്‌ക്കായി വ്യാപകമായ തെരച്ചിൽ നടത്തുകയും ചെയ്‌തിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ഇയാളെ കുട്ടിയോടൊപ്പം കണ്ട ആലുവ മാർക്കറ്റിലെ തൊഴിലാളി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്‌ഫാക് ആലം രാവിലെ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാത്രി ആലുവ ഫ്ലൈഓവറിന് താഴെവച്ച് ഒരു സുഹൃത്ത് വഴിയാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു.

ഇതേത്തുടർന്ന് അസ്‌ഫാക് ആലത്തേയും സക്കീറിനേയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. കുട്ടിയെ വിൽപന നടത്തിയതാകാം എന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് പണമോ മറ്റോ കിട്ടിയിരുന്നില്ല. കുട്ടിയെ കൈമാറിയെന്ന് പ്രതി മൊഴി നൽകിയ ഫ്ലൈ ഓവറിൽ പ്രതിയെ എത്തിച്ചും പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കാണാതായി 20ാം മണിക്കൂർ പിന്നിട്ടപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പിടിയിലായപ്പോള്‍ പ്രതി മദ്യലഹരിയില്‍:കഴിഞ്ഞ അഞ്ചുവർഷമായി ആലുവയ്‌ക്കടുത്ത് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെ പ്രതി, ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വെള്ളിയാഴ്‌ച (28 ജൂലൈ) വൈകുന്നേരം മൂന്ന് മണിയോടെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഇതേത്തുടർന്ന് ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ വേളയിൽ ഇയാൾ മദ്യലഹരിയിലായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാർ സ്വദേശിക്കൊപ്പം പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഇയാൾ, കെഎസ്ആർടിസി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തിയിരുന്നു. പ്രതി മദ്യലഹരിയില്‍ ആയതിനാൽ ചോദ്യംചെയ്യലിൽ ആദ്യ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ മുതലാണ് പ്രതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജ്യൂസ് വാങ്ങി നൽകിയ ശേഷം കുട്ടിയെ കണ്ടിട്ടില്ലെന്ന തെറ്റായ മൊഴിയായിരുന്നു ഇയാള്‍ ആദ്യം നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് കൂട്ടിയെ മറ്റൊരാൾക്ക് കൈമാറിയ വിവരങ്ങൾ ലഭിച്ചത്.

അസ്‌ഫാക് ഒറ്റയ്ക്കാണോ കൊല നടത്തിയത്, ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പടെ പൊലീസ് വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ABOUT THE AUTHOR

...view details