എറണാകുളം :പുക കണ്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. യാത്രതിരിച്ച് ഒരു മണിക്കൂർ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനത്തിലെ യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ഇന്നലെ (ഓഗസ്റ്റ് 2) രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെ തിരിച്ച് ഇറക്കുകയായിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാർ ദുബായിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്‌തു. വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ വിമാനം സർവീസ് പുനരാരംഭിക്കുക.
അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) വ്യോമയാന സുരക്ഷ വാരാഘോഷ പരിപാടികൾ തുടരുന്നു. ജൂലൈ 31 മുതൽ ഓഗസ്‌റ്റ് അഞ്ച് വരെയാണ് സുരക്ഷ വാരാഘോഷം നടക്കുന്നത്. സിയാലിലെയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ, സിഐഎസ്എഫ്, കേരള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ എയർലൈൻ ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ, ഏവിയേഷൻ വിദ്യാർഥികൾ, സ്വകാര്യ സുരക്ഷ ഏജൻസികൾ എന്നിവരുൾപ്പെടെ 550-ലധികം പേരാണ് വാക്കത്തോണിൽ പങ്കെടുത്തത്. വാക്കത്തോണിന് ശേഷം സിഐഎസ്എഫ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (എഎസ്‌ജി) ഡോഗ് സ്ക്വാഡിന്‍റെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു.
ബിസിഎഎസും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷ വാരാചരണം 'നോക്കുക, അറിയിക്കുക, സുരക്ഷിതരാവുക' എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. സമാധാനപരവും സുരക്ഷിതവുമായ വിമാനയാത്രാനുഭവത്തിന് ആവശ്യമായ അടിസ്ഥാനപരവും നിർണായകവുമായ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് കൂടിയാണ് വ്യോമയാന സുരക്ഷ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.