കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി (Air Asia emergency landing at Nedumbassery). എയർ ഏഷ്യയുടെ ബംഗളൂരു വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിലെ (Fault in Hydraulic System) തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പറന്നുയർന്ന ശേഷം തിരിച്ചിറക്കിയത്.
യാത്ര തുടങ്ങി പതിനഞ്ച് മിനിറ്റിന് ശേഷമായിരുന്നു അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഞായറാഴ്ച രാത്രി 11:10 നായിയിരുന്നു സംഭവം. 174 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്ര മുടങ്ങിയ ഇവർ തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രാ തിരിച്ചു. തിരിച്ചിറക്കിയ വിമാനം സാങ്കേതിക തകരാർ പരിഹരിച്ചശേഷമാകും ഇനി കൊച്ചിയിൽ നിന്ന് പുറപ്പെടുക.
കഴിഞ്ഞ മാസവും നെടുമ്പാശ്ശേരിയിൽ സമാനമായ രീതിയിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കിയിരുന്നു. ഓഗസ്റ്റ് 2 ന് രാത്രി കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് (Air India Express) വിമാനമാണ് അന്ന് പറന്നുയർന്ന ശേഷം പുക കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. യാത്രതിരിച്ച് ഒരു മണിക്കൂർ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
അന്ന് വിമാനത്തിലെ യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ഓഗസ്റ്റ് 2 ന് രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെ തിരിച്ച് ഇറക്കുകയായിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാർ ദുബായിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്‌തിരുന്നു. വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിരുന്ന ഈ വിമാനം പിന്നീട് സർവീസ് പുനരാരംഭിച്ചത്.
Also Read:എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പുതിയ ഇന്‍ഫ്ളൈറ്റ് മെനു ; 21 വിഭവങ്ങള്‍