എറണാകുളം : റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് എഐ കാമറ ഡ്രോണില്‍ (Ai Drone Camera) ഉപയോഗിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് (S Sreejith). ഒരു ജില്ലയില്‍ കുറഞ്ഞത് 10 എഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് എസ്. ശ്രീജിത്ത് വ്യക്തമാക്കി. ഗതാഗത വകുപ്പ് (Transport Department) നടപ്പിലാക്കുന്ന റോഡ് സുരക്ഷ പ്രവർത്തനങ്ങളെക്കുറിച്ച് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ കാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 720 എഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എഐ കാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ട്. കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ട്.
റോഡ് അപകടങ്ങള്‍ കുറച്ച് പരമാവധി പേരുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് നിലപാട്. വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 65 ശതമാനം പേരും ബൈക്കില്‍ യാത്ര ചെയ്യുന്നവരാണ്. അതില്‍ ഭൂരിഭാഗവും ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുന്നവരായിരുന്നു. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ തലയ്ക്ക് പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇന്ത്യയില്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്ന കാര്യത്തില്‍ കേരളമാണ് മുന്നിലെന്നും ഗതാഗത കമ്മിഷണര്‍ പറഞ്ഞു.
റോഡപകടങ്ങൾ കുറയുന്നു : എഐ കാമറകളില്‍ കണ്ടെത്തിയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീലിനായി പോര്‍ട്ടല്‍ ആരംഭിക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്തെ റോഡപകട മരണങ്ങളില്‍ 10 ശതമാനം കുറവുണ്ടായി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ ഫലം കാണുന്നു എന്നതിന്‍റെ സൂചനയാണിത്.
റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുത് എന്നതാണ് മുന്നിലുള്ള ലക്ഷ്യം. പ്രതിവര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതര പരിക്കുകളും ഉണ്ടാകുന്നു. ഇത് പരമാവധി കുറയ്ക്കണം. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കും.