എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമായല്ലെന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്‌ച വാദം കേള്‍ക്കും. വിടുതൽ ഹർജി തള്ളിയതിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ സമയം കിട്ടിയില്ല. തനിക്കെതിരേയും മറ്റ് പ്രതികൾക്കെതിരേയുമുള്ള കുറ്റങ്ങൾ വ്യത്യസ്തമാണെന്നും അതിനാൽ ഒരുമിച്ച് കുറ്റം ചുമത്താൻ കഴിയില്ലെന്നുമാണ് ദീലീപിന്‍റെ വാദം.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും
തനിക്കെതിരേയും മറ്റ് പ്രതികൾക്കെതിരേയുമുള്ള കുറ്റങ്ങൾ വ്യത്യസ്തമാണെന്നും അതിനാൽ ഒരുമിച്ച് കുറ്റം ചുമത്താൻ കഴിയില്ലെന്നുമാണ് ദീലീപിന്‍റെ വാദം
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ സുനില്‍കുമാര്‍ ദിലീപിനയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്നാണ് ദിലീപിന്‍റെ ആവശ്യം. എന്നാല്‍ സുനില്‍ കുമാര്‍ ദിലീപനയച്ച കത്ത് നടിയെ ആക്രമിച്ച കേസിന്‍റെ തുടര്‍ച്ചയാണെന്നും അതിനാല്‍ പ്രധാന കേസിന്‍റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. പ്രതി നിരന്തരം ഹര്‍ജികളുമായി കോടതികളില്‍ എത്തുകയാണ്. കേസ് തുടങ്ങി ഇത് മുപ്പതാമത്തെ ഹര്‍ജിയാണന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാണിച്ചു.
അതേ സമയം ദിലീപിന്‍റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിൽ കോടതി തീരുമാനമെടുക്കാതെ നാല് ആഴ്‌ചത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. അതിനിടയിൽ ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനിൽക്കില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നൽ കുറ്റം ചുമത്തിയത് നിയമപരമല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ വിചാരണ ഈ മാസം 30ന് തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയിൽ ദിലീപ് പുതിയ ഹർജിയുമായെത്തിയത്.