എറണാകുളം : നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഹാജരാക്കണമെന്ന് വിചാരണ കോടതി. മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക സിബിഐ കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ച സാക്ഷിവിസ്‌താരത്തിനായി ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. വിഷ്‌ണുവിന്‍റെ വീട്ടിൽ ഉൾപ്പടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ കോടതി അറിയിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളജിൽ വിഷ്‌ണു കൊവിഡാനന്തര ചികിത്സ തേടിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിച്ചത്.
എന്നാൽ കേസ് പരിഗണിച്ച ഇന്നും (വ്യാഴാഴ്‌ച) ഇയാൾ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയത്. നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയായിരുന്ന വിഷ്‌ണുവിനെ പ്രാധാന സാക്ഷിയാക്കുന്നതിന്‍റെ ഭാഗമായാണ് മാപ്പുസാക്ഷിയാക്കിയത്.
ALSO READ:നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം തേടി കോടതി
എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെയുള്ള പ്രധാന സാക്ഷികളിലൊരാണ് വിഷ്‌ണു. ഇയാളുടെ നിസ്സഹകരണം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷനെ ആശങ്കപ്പെടുത്തുന്നത്.
ഇതിനകം 176 സാക്ഷികളെയാണ് ഈ കേസിൽ വിസ്‌തരിച്ചത്. കാവ്യ മാധവൻ, നാദിർഷ ഉൾപ്പടെയുള്ള താരങ്ങളെ അടുത്തയാഴ്‌ച കോടതി വിസ്‌തരിക്കും. വിചാരണ കാലാവധി നീട്ടി നൽകണമെന്ന ജഡ്‌ജിയുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.